അജ്ഞാത ആകാശ പ്രതിഭാസങ്ങളായ യുഎഫ്ഒകളുമായി ബന്ധപ്പെട്ട പുതിയ രഹസ്യരേഖകളും ദൃശ്യങ്ങളും അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ പുറത്തുവിട്ടു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പെന്റഗൺ, എഫ്ബിഐ, സിഐഎ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്നിവ ശേഖരിച്ച രേഖകളിൽ നിന്നുള്ള 41 പുതിയ ഫയലുകളും അപൂർവ വീഡിയോ ദൃശ്യങ്ങളുമാണ് അഞ്ചാം ഘട്ടമായി പുറത്തുവിട്ടിരിക്കുന്നത്.
2021 സെപ്റ്റംബറിൽ ഒമാൻ ഉൾക്കടലിന് മുകളിൽ യുഎസ് വ്യോമസേനയുടെ AC-130J ഗൺഷിപ്പ് വിമാനത്തിന് സമീപം 25-ഓളം പ്രകാശഗോളങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. മണിക്കൂറിൽ 1,300 മൈൽ വരെ വേഗത്തിൽ ദിശമാറ്റി സഞ്ചരിച്ചെന്നു പറയുന്ന ഈ വസ്തുക്കൾക്ക് നേരെ സൈന്യം വെടിയുതിർക്കുമ്പോൾ അവ പ്രതികരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2025-ൽ മിഡിൽ ഈസ്റ്റിലും 2026-ൽ യുഎസിലും സൈനിക നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതായി പറയുന്ന ദുരൂഹ വസ്തുക്കളുടെ ഇൻഫ്രാറെഡ് ദൃശ്യങ്ങളും പുറത്തുവിട്ട രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് 2002-ൽ അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളത്തിന് സമീപം നടന്നതായി രേഖപ്പെടുത്തിയ ഒരു സംഭവമാണ്. മുൻ യുഎസ് സൈനിക പൈലറ്റിന്റെ മൊഴിപ്രകാരം, രാത്രിയിൽ യാതൊരു ശബ്ദവുമില്ലാതെ ഏകദേശം 500 അടി വലുപ്പമുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്തിലൂടെ സഞ്ചരിക്കുന്നതായി കണ്ടു. ഒപ്പമുണ്ടായിരുന്ന സഹപൈലറ്റും ഇതേ കാഴ്ച കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ബിഐ തയ്യാറാക്കിയ രേഖാചിത്രവും ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇത്തരം സംഭവങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇവ അന്യഗ്രഹജീവികളുടെ സാന്നിധ്യത്തിന് തെളിവാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായുള്ള അന്വേഷണങ്ങൾക്കുശേഷവും ചില സംഭവങ്ങൾക്ക് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും, കൂടുതൽ രേഖകൾ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.