ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആര്‍ഒയെ സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ തള്ളി അധികൃതർ. ഐഎസ്ആര്‍ഒയെ സ്വകാര്യവൽക്കരിക്കില്ലെന്നും രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ നട്ടെല്ല് എന്നും ഐഎസ്ആര്‍ഒ തന്നെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഐഎസ്ആര്‍ഒ ജീവനക്കാരുടെ സംഘടനകൾ ഏജന്‍സിയുടെ പ്രവർത്തനങ്ങളും നിർമ്മാണ ചുമതലകളും സ്വകാര്യ മേഖലയിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മാറ്റുന്നതിനെതിരെ കത്തുനൽകിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണവുമായി ഐഎസ്ആര്‍ഒ തന്നെ രംഗത്തെത്തിയത്.
ഐഎസ്ആര്‍ഒയെ സ്വകാര്യവൽക്കരിക്കാനോ അതിന്റെ പങ്ക് ചുരുക്കാനോ നീക്കമുണ്ടെന്ന പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നത് ഏജന്‍സിയുടെ പങ്ക് കുറയ്ക്കാനല്ല, മറിച്ച് വരും തലമുറ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആര്‍ഒയെ സജ്ജമാക്കാനാണ്. നിലവിൽ പൂർണ്ണ സജ്ജമായ സാങ്കേതികവിദ്യകളും ഉപഗ്രഹ- വിക്ഷേപണ വാഹന നിർമ്മാണവും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറുന്നതിലൂടെ വലിയ തോതിലുള്ള ഉൽപ്പാദനവും വാണിജ്യവൽക്കരണവും സാധ്യമാകും. നിർമ്മാണ ചുമതലകൾ വ്യാവസായിക തലത്തിലേക്ക് മാറുന്നതോടെ, ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞർക്കും വിദഗ്ദ്ധർക്കും കൂടുതൽ സങ്കീർണ്ണവും അത്യാധുനികവുമായ ഗവേഷണങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനാകുമെന്നും ഏജന്‍സി പറയുന്നു.
2035-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുക, 2040-ൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുക, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുക, ചന്ദ്രനിലേയും മറ്റ് ഗ്രഹങ്ങളിലെയും പര്യവേഷണങ്ങൾ എന്നിങ്ങനെയുള്ള രാജ്യത്തിന്‍റെ ലക്ഷ്യങ്ങള്‍ക്ക് ഐഎസ്ആര്‍ഒ തന്നെ മുൻകൈയെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു. നിർണായകമായ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെയും തന്ത്രപ്രധാന സംവിധാനങ്ങളുടെയും പൂർണ്ണ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്ര സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കും. 2020-ൽ തുടക്കമിട്ട പരിഷ്കാരങ്ങളും 2023-ലെ ഇന്ത്യൻ സ്പേസ് പോളിസിയും രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ഒരു ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐഎസ്ആര്‍ഒ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഭാവിയിൽ റോക്കറ്റുകൾ ഐഎസ്ആർഒ നിർമ്മിക്കില്ലെന്നും ഈ ജോലികൾ സ്വകാര്യ കമ്പനികളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും നിർവ്വഹിക്കുക എന്നുമുള്ള ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പ്രസ്താവനായാണ് ഈ ആശങ്കകൾക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നീക്കത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആർഒ ചെയർമാൻ വി.നാരായണന് കത്തയക്കുകയായിരുന്നു. സ്വകാര്യവൽക്കരണം എത്രത്തോളം മുന്നോട്ട് പോകും, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിലും വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഐഎസ്ആര്‍ഒയുടെ പങ്ക് എന്തായിരിക്കും? നിലവിലുള്ള എന്‍ജിനീയറിങ്, മാനുഫാക്ചറിങ് വിഭാഗം എത്രത്തോളം അവശേഷിക്കും തുടങ്ങി ജീവനക്കാരുടെ ഭാവി അടക്കമുള്ള ചോദ്യങ്ങളായിരുന്നു കത്തില്‍. ഐഎസ്ആർഒയെ വെറുമൊരു ഗവേഷണ- വികസന സ്ഥാപനമായി മാത്രം ചുരുക്കുന്ന, ചർച്ചയില്ലാതെയുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.