സ്വിറ്റ്സർലൻഡിലെ ശാസ്ത്രജ്ഞർ രാജ്യത്തുടനീളമുള്ള കർഷകരോടും തോട്ടമുടമകളോടും തോട്ടങ്ങളിലും പറമ്പുകളിലും കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചുമൂടാൻ ആവശ്യപ്പെട്ട് അപൂർവമായൊരു പരീക്ഷണം നടത്തിയിരുന്നു. ‘Soil Your Undies’ എന്നാണ് ഈ വിചിത്ര പരീക്ഷണത്തിന്റെ പേര്.

മണ്ണിന്‍റെ ഗുണനിലവാരവും അതിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനക്ഷമതയും അളക്കുകയായിരുന്നു പരീക്ഷണത്തിന്‍റെ പ്രധാന ലക്ഷ്യം. ശുദ്ധമായ കോട്ടൺ തുണികൾ മണ്ണിൽ കുഴിച്ചിട്ട് രണ്ട് മാസത്തിന് ശേഷം പുറത്തെടുത്ത് പരിശോധിക്കും. മണ്ണിലെ ബാക്ടീരിയകളും ഫംഗസുകളും മറ്റ് സൂക്ഷ്മജീവികളും തുണി എത്രത്തോളം ദ്രവിപ്പിച്ചുവെന്നാണ് പരിശോധിക്കുക. ഇതിലൂടെ മണ്ണിന്‍റെ ആരോഗ്യം നിർണയിക്കാനാകും.

അടിവസ്ത്രം വേഗത്തിൽ ദ്രവിച്ച് നശിച്ചാൽ, ആ മണ്ണിൽ ധാരാളം പോഷകങ്ങളും സജീവമായ സൂക്ഷ്മജീവികളും ഉണ്ടെന്നാണ് കണക്കാക്കുക. കൂടാതെ, അത്തരം മണ്ണ് കൃഷിക്ക് അനുയോജ്യമാണെന്നും വിലയിരുത്താം. എന്നാൽ, തുണി പുറത്തെടുക്കുമ്പോൾ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനവും ഫലഭൂയിഷ്ഠതയും കുറവാണെന്നാണ് സൂചിപ്പിക്കുന്നത്.

എന്തായാലും, പരീക്ഷണത്തിനായി മുന്നോട്ടുവച്ച ഈ മാർഗം വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും സാധാരണക്കാർക്കും മണ്ണിന്‍റെ ആരോഗ്യം മനസ്സിലാക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ ശാസ്ത്രജ്ഞർ വ്യക്തമാക്കാൻ ശ്രമിച്ചത്.

ENGLISH SUMMARY:

സ്വിറ്റ്സർലൻഡിൽ മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനവും ഫലഭൂയിഷ്ഠതയും അളക്കാൻ 'Soil Your Undies' എന്ന പേരിൽ കർഷകർക്ക് കോട്ടൺ അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടാൻ ശാസ്ത്രജ്ഞർ നിർദ്ദേശം നൽകി.