ഇറാനിലെ ആണവ കേന്ദ്രങ്ങളെ തച്ചുടച്ചെന്ന യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ വാദങ്ങള്‍ പൊളിയുന്നു. യുഎസിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മാസങ്ങള്‍ വൈകിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.
ഞായറാഴ്ച ഇറാനിലെ ഫൊര്‍ദോ, നാതന്‍സ്, ഇസ്ഫാന്‍ ആണവ നിലയങ്ങള്‍ക്ക് നേരെ നടത്തിയ യുഎസ് ആക്രമണങ്ങളില്‍ കാര്യമായ കേടുപാടുകള്‍ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചു. എന്നാല്‍ ആണവകേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ആക്രമണത്തിന് മുന്‍പ് തന്നെ ഇറാന്‍ കേന്ദ്രങ്ങളില്‍ നിന്നും മാറ്റിയിരുന്നു. അണുവായുധങ്ങള്‍ക്ക് ഉതകുന്നരീതിയില്‍ യുറേനിയം സംപുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ കേടുകൂടാതെ ഇപ്പോഴും ഇറാന്‍റെ കൈവശമുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫൊര്‍ദോയിലെ ആണവ കേന്ദ്രത്തിന് നേര്‍ക്ക് 30000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് വ്യോമസേനയുടെ ബി-2 സ്റ്റീല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. ഈ ആക്രമണത്തില്‍ കേന്ദ്രത്തിന്‍റെ കവാടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് തകര്‍ക്കാനായത്. യു.എസിന്‍റെ ആക്രമണവും ഇറാന്‍റെ ശേഷിയും ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇവരെ തടയാന്‍ സാധിക്കില്ലെന്നും വിലയിരുത്തലുണ്ട്.
ഇതിനാല്‍ തന്നെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആണവ പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഇറാന് സാധിക്കും എന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പെന്‍റഗണിന്‍റെ പ്രധാന ഇന്‍റലിജന്‍സ് വിഭാഗമായ ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെന്റഗണിന് കീഴിലുള്ള 18 യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികളില്‍ ഒന്നാണിത്.
അതേസമയം, ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നത് പ്രസിഡന്‍റ് ട്രംപിനെ തരംതാഴ്ത്താനാണെന്നും ദൗത്യം നടത്തിയ പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 30,000 പൗണ്ട് ഭാരമുള്ള 14 ബോംബുകള്‍ വര്‍ഷിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കരോലിന്‍ പറഞ്ഞു.
യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും വാര്‍ത്ത നിഷേധിച്ചു. വ്യാജ വാര്‍ത്ത എന്ന് പറഞ്ഞ ട്രംപ് ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായും വ്യക്തമാക്കി.