donald-trump

ഹോര്‍മുസില്‍ ഇറാന്‍ ഉപരോധം കടുപ്പിക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുകയും ചെയ്യുന്നതിനിടെ വന്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ വൈദ്യുതി ശൃംഖല തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതിയെന്നും ഇറാന്‍ ഇരുട്ടിലാകുമെന്നും പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 'ടെഹ്റാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാതെയുണ്ട്. അത് കൂടി ആക്രമിച്ചാല്‍ ഇറാനൊരു തിരിച്ചുവരവ് ഉണ്ടാകില്ല. അത് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അവരുടെ വൈദ്യുതി വിതരണത്തെ  പൂര്‍ണമായും ഇല്ലാതെയാക്കാന്‍ കഴിയും, വൈദ്യുതശേഷി നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് വെറും ഒരു മണിക്കൂര്‍ മാത്രം മതി. പിന്നീടൊരു 25 വര്‍ഷമെങ്കിലും അത് കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് വേണ്ടി വരും. അത് ഞങ്ങള്‍ ചെയ്യുന്നില്ല.അങ്ങനെ ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്' എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഹോര്‍മുസില്‍ ഇറാന്‍ ആധിപത്യം പ്രകടമാക്കിയതിന് പിന്നാലെയാണ് എണ്ണവിതരണം തടസപ്പെടുത്തിയാല്‍ ഗുരുതര പ്രത്യാഘാതമെന്ന ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ഈ യുദ്ധം അമേരിക്ക ജയിക്കാന്‍ ചെയ്യുന്ന യുദ്ധമാണെന്നും വേഗത്തില്‍ ജയിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ തന്നെ അമേരിക്ക ജയിച്ചുകഴിഞ്ഞുവെന്നാണ് ചിലര്‍ പറയുന്നത്. എപ്പോള്‍ യുദ്ധം നിര്‍ത്തണമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഇറാന്‍ ഇനിയും വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'- ട്രംപ് വിശദീകരിച്ചു. ഇറാനെ തകര്‍ത്തുവെന്നും ഇറാന് നേവിയും വ്യോമസേനയുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാന്‍റെ ആകാശത്തിന് മുകളിലൂടെ സ്വൈര്യമായാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതെന്നും ഇനി ഹോര്‍മുസ് കൂടിയേ കീഴടക്കാന്‍ ഉള്ളൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധം യുഎസ് സൈന്യം ജയിച്ചു കഴിഞ്ഞുവെന്നും ഉടന്‍ അവസാനിക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ കെന്‍റുകിയിലെ റാലിയില്‍ പറഞ്ഞത്. ട്രംപ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്നായിരന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം. 

അതേസമയം, തങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകളില്‍ അല്ലാതെ യുദ്ധം അവസാനിക്കുകയില്ലെന്നും ട്രംപ് വലിയ വില കൊടുക്കേണ്ടി  വരുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു. ഹോര്‍മുസിലെ കപ്പലുകളും ദുബായ് വിമാനത്താവളവും ലക്ഷ്യമിടുന്നത് ഇറാന്‍ കൂടുതല്‍ ശക്തമാക്കി. ദുബായ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. 

ഇസ്രയേലില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഹിസ്ബുല്ലയും ഒപ്പം ചേര്‍ന്നിട്ടുണ്ട്.ടെല്‍ അവീവിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കനത്ത മിസൈല്‍ ആക്രമണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐഡിഎഫിന്‍റെ മിലിട്ടറി ഇന്‍റലിജന്‍സ് കേന്ദ്രമായ ഗ്ലിലോട്ട് താവളം ഹിസ്ബുല്ല ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐആര്‍ജിസിയും ഹിസ്ബുല്ലയും ചേര്‍ന്നും ഇന്നലെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.