ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റത് ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിലെന്ന് വെളിപ്പെടുത്തല്‍. സൈപ്രസിലെ ഇറാന്‍റെ അംബാസിഡര്‍ അലിറേസ സലാറിയന്റേതാണ് വെളിപ്പെടുത്തല്‍. മൊജ്തബയുടെ കൈകാലുകളിലും കൈപ്പത്തിയിലും പരുക്കേറ്റിട്ടുണ്ടെന്നും സലാറിയന്‍ ദ് ഗാര്‍ഡിയനോട് വെളിപ്പെടുത്തി. ബോംബാക്രമണത്തില്‍ പരുക്കേറ്റ വിവരം പക്ഷേ വിദേശ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ലെന്നും മൊജ്താബ ചികില്‍സയില്‍ തുടരുകയാണെന്നാണ് താന്‍ കേട്ടതെന്നും സലാറിയന്‍ പറയുന്നു. മുറിവേറ്റ് ആശുപത്രിയില്‍ ആയതിനാലാണ് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജനങ്ങളെ അഭിമുഖീകരിക്കാന്‍ എത്തിച്ചേരാത്തതെന്നും സലാറിയന്‍ വിശദീകരിച്ചു.
യുഎസ്–ഇറാന്‍ ആണവകരാറിലെത്തിച്ചേരുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് ഫെബ്രുവരി 28ന് പുലര്‍ച്ചെ ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിക്കുകയും ടെഹ്റാനില്‍ വന്‍ ബോംബാക്രമണം നടത്തുകയും ചെയ്തത്. മുപ്പതിലേറെ ബോംബുകളാണ് ഖമനയിയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ മാത്രം വര്‍ഷിച്ചത്. റമസാന്‍ വ്രതത്തിന്‍റെ പത്താം ദിവസമായതിനാല്‍ ഖമനയി കുടുംബസമേതാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഖമനയി,ഭാര്യ, മകള്‍, മരുമകന്‍, മകളുടെ ഒരു വയസും രണ്ട് മാസവും മാത്രം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ കൊല്ലപ്പെട്ടുവെന്നും സലാറിയന്‍ വിശദീകരിച്ചു. ഓഫിസ് കെട്ടിടത്തിനകത്തുള്ള ഖമനയിയുടെ വീടിനുള്ളിലാണ് എല്ലാവരും ഉണ്ടായിരുന്നത്. ഉന്നത സൈനിക കമാന്‍ഡര്‍മാരും വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. നാലാണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഖമനയിക്കുള്ളത്. ഇവര്‍ അദ്ദേഹത്തിനൊപ്പമാണ് കഴിഞ്ഞിരുന്നതുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ വധശ്രമം ഭയന്നാണ് മൊജ്താബ പൊതുവിടത്തിലേക്ക് വരാത്തതെന്നും ട്രംപിന്‍റെ ഭീഷണി നിലനില്‍ക്കുന്നതാണ് കാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സലാറിയന്‍ തയാറായില്ല. 'മൊജ്തബ ഒളിച്ചിരിക്കുകയാണോയെന്നോ അതല്ല, ഇത്തരം ഭീഷണികളെ ഭയക്കുന്നുണ്ടോയെന്നോ എനിക്ക് അറിയില്ല. പക്ഷേ യുഎസും ഇസ്രയേലും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നടക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
മൊജ്താബയെ സമാധാനത്തില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് ട്രംപിന്‍റെ ഭീഷണി. അലി ഖമനയിയുടെ പിന്‍ഗാമിയായി ഇറാന്‍റെ പരമോന്നത നേതൃസ്ഥാനത്തേക്ക് മൊജ്തബ തിരഞ്ഞെടുക്കപ്പെട്ടതില്‍ ട്രംപ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍റെ പുതിയ നേതാവിന്‍റെ കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും, അദ്ദേഹത്തിന് സമാധാനത്തില്‍ ജീവിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. മൊജ്തബയെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഇറാന്‍റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടാകുമെന്നും വെനസ്വേലയില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് പോലെ താന്‍ ഇടപെടുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.