Photo by Satellite image 2025 Maxar Technologies / AFP
അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ ഇറാന്‍റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഇറാന്‍. ഇറാന്‍റെ തന്ത്രപ്രധാന ആണവകേന്ദ്രമായ ഫോര്‍ഡോ അശേഷം തീര്‍ത്തുവെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. എന്നാല്‍ ഫോര്‍ഡോയ്ക്ക് മേല്‍ വ്യോമപ്രതിരോധ സംവിധാനം ജാഗരൂകമായിരുന്നുവെന്നും യുഎസ് ആക്രമണം ഏശിയിട്ടില്ലെന്നുമാണ് ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ഡോയ്ക്ക് പുറമെ നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളും യുഎസ് ആക്രമിച്ചു. Also Read: ഇറാനില്‍ വീണത് 12 ബോംബും 30 മിസൈലും; ഇരച്ചെത്തിയത് 2 ബില്യണ്‍ ഡോളര്‍ വിമാനം
13,500 കിലോ ഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ഫോര്‍ഡോയ്ക്ക് നേരെ യുഎസ് പ്രയോഗിച്ചത്. ഫോര്‍ഡോ പര്‍വതങ്ങള്‍ക്കടിയില്‍ 60 മീറ്റര്‍ മുതല്‍ 90 മീറ്റര്‍ വരെയെങ്കിലും താഴ്ചയിലാണ് ഇറാന്‍ ഫോര്‍ഡോ ആണവ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റഷ്യന്‍നിര്‍മിത വ്യോമപ്രതിരോധമാണ് ഇതിനുള്ളത്. ഒപ്പം പര്‍വതങ്ങളുടെ സംരക്ഷണവും. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ആ പ്രദേശത്തെത്തി ആക്രമിക്കുക അസാധ്യവുമായിരുന്നു. ബങ്കര്‍ ബസ്റ്ററുകളടക്കം അമേരിക്ക പ്രയോഗിച്ചുവെങ്കിലും അതിനെയും ഫോര്‍ഡോ അതിജീവിക്കാന്‍ സാധ്യത ഏറെയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More: ഇനി ഞങ്ങളുടെ ഊഴം; അമേരിക്കയെ കാത്തിരിക്കുന്നത് സര്‍വനാശം; ഖമനയി
ഫോര്‍ഡോയ്ക്ക് മേല്‍ മുഴുവന്‍ പ്രഹരശേഷിയോടെയുമാണ് ബോംബിട്ടതെന്നായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തല്‍. ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെങ്കിലും അതിലേത് തരം ബോംബാണ് പ്രയോഗിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. ഇസ്രയേലിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുഎസ് ഫോര്‍ഡോ ആക്രമിക്കാനെത്തിയത്. ജിബിയു–57 എന്ന അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് അതിന്‍റെ മുഴുവന്‍ ഭാരത്തോടെയും ഗതികോര്‍ജത്തോടെയും ഭൂമിയിലേക്ക് ഇറങ്ങിയ ശേഷം ലക്ഷ്യത്തിലെത്തി പൊട്ടിത്തെറിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയുടെ കൈവശം മാത്രമാണ് നിലവില്‍ ഇതുള്ളത്. ഇതാദ്യമായാണ് അമേരിക്ക പ്രയോഗിക്കുന്നതും. ഭൗമോപരിതലത്തില്‍ നിന്നും 200 അടി (60 മീറ്റര്‍)വരെ താഴെ എത്തിയ ശേഷം പൊട്ടിത്തെറിക്കുന്ന ഇവ ഒന്നിന് പിന്നാലെ ഒന്നായി വിക്ഷേപിച്ചാല്‍ മാരക പ്രഹരമായിരിക്കും ഏല്‍ക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. Read More: ‘സമാധാനം അല്ലെങ്കില്‍ നാശം’; ഇറാന് അമേരിക്കയുടെ അന്ത്യശാസനം
യുറേനിയം സമ്പുഷ്ടീകരണം അതിന്‍റെ പൂര്‍ണതോതിലാണ് ഫോര്‍ഡോയില്‍ നടക്കുന്നതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഫോര്‍ഡോയില്‍ ആണവായുധത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹം വാസ്തവമാണെങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ പ്രയോഗിച്ചതോടെ ആണവ വികിരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നതാന്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേരത്തെ ആണവ ചോര്‍ച്ച ഉണ്ടായെങ്കിലും അത് സൈറ്റിനുള്ളില്‍ മാത്രമായിരുന്നുവെന്ന് ആണവ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു.
പ്രകൃതിയുടെ കോട്ട, ഇറാന്‍റെ പ്രതിരോധം; ഫോര്‍ഡോ കാക്കുന്നതിങ്ങനെ
ഷിയ മുസ്ലിംകളുടെ പുണ്യഭൂമിയായ ക്വോമിന് 26 കിലോമീറ്റര്‍ മാത്രം അകലെയുള്ള പര്‍വതഗ്രാമമാണ് ഫോര്‍ഡോ. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍ – ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഏറെയും ജനിച്ച ഇറാന്‍റെ വീരഭൂമി കൂടിയാണിവിടം. ഹസന്‍ അക്വ, ഫോര്‍ഡോ മലനിരകള്‍ക്ക് ഇടയില്‍ ഫോര്‍ഡു നദിയുടെ തീരത്ത് ഏറ്റവും തന്ത്രപ്രധാനമായ യുറേനിയം സമ്പുഷ്ടീകരണ ശാല ഇറാന്‍ സ്ഥാപിച്ചത് പരമരഹസ്യമാക്കിയാണ്. 2009ലാണ് ഇറാന്‍റെ ഈ ആണവകേന്ദ്രത്തെ കുറിച്ച് യുഎസ് അറിഞ്ഞത്. 81 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരണം ഫോര്‍ഡോയില്‍ സാധ്യമാണ്. പലതവണ ഇറാന്‍റെ ഫോര്‍ഡോ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങിയെങ്കിലും കാര്യമുണ്ടായില്ലെന്നതാണ് വാസ്തവം.