Photo by Handout / Planet Labs / AFP
ഇറാന്–ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ നിര്‍ണായ നീക്കവുമായി അമേരിക്ക. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് നാല്‍പതോളം സൈനിക വിമാനങ്ങളാണ് യുഎസ് മാറ്റിയത്. ഇറാന്‍റെ ആക്രമണം ഭയന്നാകാം നീക്കമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അഞ്ചിനും ജൂണ്‍ 19നും ഇടയില്‍ അല്‍ ഉദെയ്ദ് വ്യോമത്താവളത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പ്ലാനറ്റ് ലാബ്സ് പിബിസി പുറത്തുവിട്ടത്. മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികത്താവളമാണിത്. സി–130 ഹെര്‍ക്കുലിസ് ഉള്‍പ്പടെ ജൂണ്‍ അഞ്ചിന് നാല്‍പതോളം സൈനിക വിമാനങ്ങളാണ് വ്യോമത്താവളത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെയായപ്പോള്‍ മൂന്നെണ്ണമൊഴികെ മറ്റെല്ലാം അപ്രത്യക്ഷം. Also Read: ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോബ് പ്രയോഗിച്ച് ഇറാന്‍
This satellite image from Planet Labs PBC shows Al Udeid Air Base outside of Doha, Qatar, Sunday, June 15, 2025. (Planet Labs PBC via AP)
അതിനിടെ നിലവിലെ സാഹചര്യങ്ങളില്‍ വ്യോമ താവളത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതായും ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഖത്തറിലെ യുഎസ് എംബസി വ്യക്തമാക്കി. KC-46A പെഗസസും KC-135 സ്രാറ്റോങ്കര്‍ വിമാനങ്ങളും ഉള്‍പ്പടെ 27 റീഫ്യുവലിങ് വിമാനങ്ങള്‍ യുഎസില്‍ നിന്നും ജൂണ്‍ 15 നും 18നും ഇടയില്‍ യൂറോപ്പിലേക്ക് പറന്നുവെന്ന് പബ്ലിക് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വിലയിരുത്തി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 25 വിമാനങ്ങളും ബുധനാഴ്ചയും യൂറോപ്പില്‍ തന്നെയുണ്ടെന്നും രണ്ടെണ്ണം മാത്രമാണ് യുഎസിലേക്ക് മടങ്ങിയെത്തിയതെന്നും ഡാറ്റ വ്യക്തമാക്കുന്നു. റീഫ്യുവലിങ് വിമാനങ്ങള്‍ പൊതുവേ ദീര്‍ഘദൂര വ്യോമാക്രമണങ്ങളില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇറാനെ ആക്രമിക്കുന്നതിനായുള്ള യുഎസ് തയ്യാറെടുപ്പിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. Read More: ‘ആരുടേയും സഹായം ആവശ്യമില്ല’; യുദ്ധം ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയുമെന്ന് ഇസ്രയേല്‍
ഏകദേശം 40,000ത്തോളം അമേരിക്കന്‍ സൈനികര്‍ മധ്യപൂര്‍വേഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഏത് നിമിഷവും ഇറാന്‍റെ ആക്രമണം ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൈനികര്‍ക്കും സൈനിക കുടുംബങ്ങള്‍ക്കും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍പ് മുപ്പതിനായിരം യുഎസ് സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്. ഹൂതി ആക്രമണം ശക്തമായതോെടയും ചെങ്കടലില്‍ യുഎസ് വാണിജ്യ, സൈനിക കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതോടെയുമാണ് സൈനികശക്തി യുഎസ് വര്‍ധിപ്പിച്ചത്.
ഇറാന് നേരെ സൈനിക നടപടിയുണ്ടാകുമോയെന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. നയതന്ത്രത്തിലൂടെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇറാന്‍റെ ആണവ പദ്ധതിയില്‍ കരാറിലെത്താനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചു.