ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം ട്രംപ് തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിലെ അധികാരക്കൈമാറ്റത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇറാന്‍ ജനതയാണെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നയതന്ത്രചര്‍ച്ചകള്‍ നടത്തുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇറാനെതിരെ യുഎസ് സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ചര്‍ച്ചകള്‍ക്ക് വാതില്‍ തുറക്കുന്നത്.
ഖത്തര്‍, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമാധാന നീക്കങ്ങള്‍ പുരോഗമിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി യോഗം ചേരും. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായും കൂടിക്കാഴ്ച നടത്തും.