Image Credit: Reuters
യുഎസ്–ഇറാന്‍ മൂന്നാംഘട്ട ആണവ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ ഇറാനിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത എസ്എംഎസ് എത്തിയെന്ന് റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ ഭാഷയിലുള്ള സന്ദേശത്തില്‍ 'യുഎസ് പ്രസിഡന്‍റ് പറയുന്നത് ചെയ്യുന്നയാളാണ്. കാത്തിരുന്ന് കാണൂ' എന്നായിരുന്നു എഴുതിയിരുന്നത്. യുദ്ധ ഭീഷണിയിലൂടെ ജനങ്ങളെ ആശങ്കയിലാക്കാനും ആണവ ചര്‍ച്ചയില്‍ ഇറാനെ സമ്മര്‍ദത്തിലാക്കാനുമുള്ള അമേരിക്കന്‍ തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍. ഇറാനിലെ സര്‍ക്കാരിെന അട്ടിമറിക്കാന്‍ ട്രംപ് പരസ്യമായ ആഹ്വാനം തുടരുന്നതിനിടെ പലയിടത്തും വീണ്ടും പ്രക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. അമേരിക്കയാവട്ടെ ഇറാന് സമീപത്തേക്ക് സൈനിക സന്നാഹവും വിപുലപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രിതമായ സൈനിക ആക്രമണം ഇറാനെതിരെ ഉണ്ടായേക്കുമെന്നായിരുന്നു ട്രംപിന്‍റെ ഒടുവിലത്തെ വാക്കുകള്‍. വ്യാഴാഴ്ച ജനീവയില്‍ വച്ചാണ് ഇറാന്‍–യുഎസ് മൂന്നാം ഘട്ട ആണവ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. ലെബനനിലുള്ള ഉദ്യോഗസ്ഥരോട് സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം മടങ്ങാന്‍ യുഎസ് എംബസി നിര്‍ദേശിച്ചിരുന്നു. ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍,വ്യവസായികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.
ആണവ വിഷയത്തില്‍ നയതന്ത്രപരമായ പരിഹാരം ഉണ്ടാകാനുള്ള എല്ലാ ശുഭസൂചനകളും കാണുന്നുവെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുടെ വെളിപ്പെടുത്തല്‍. അമേരിക്കയുടെ സൈനിക സന്നാഹം കണ്ട് ഇറാന്‍ ഭയക്കുമെന്ന് കരുതേണ്ടെന്നും യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആണവ പദ്ധതിയില്‍ കരാറിലെത്തുന്നതിനായാണ് ഇറാന്‍ ചര്‍ച്ചകള്‍ തുടരുന്നത്. ഇതിന്‍റെ കരട് വരും ദിവസങ്ങളില്‍ മധ്യസ്ഥര്‍ക്ക് കൈമാറാനാണ് നീക്കം. ആണവ പദ്ധതി പൂര്‍ണമായും രാജ്യത്തിന്‍റെ വികസന പദ്ധതികള്‍ക്കാണെന്നും ആയുധ നിര്‍മാണത്തിന് അല്ലെന്നുമാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഈ നിലപാട് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്ക പറയുന്നത്. ആണവ ചര്‍ച്ചയ്ക്ക് പുറമെ ബലിസ്റ്റിക് മിസൈലുകളെ കുറിച്ചും സായുധ ഗറില്ല സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ച് കൂടി സംസാരിക്കാന്‍ ഇറാന്‍ തയാറാവണമെന്നും യുഎസ് ആവശ്യം ഉന്നയിച്ചിരുന്നു. അതിന് സാധ്യമല്ലെന്ന മറുപടിയാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്. പത്തോ പരമാവധി 15 ദിവസമോ ഇറാന് നല്‍കാമെന്നും അല്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നുമാണ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയത്. ഒമാന്‍റെ മധ്യസ്ഥതയില്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് രണ്ടാംവട്ട ചര്‍ച്ചകള്‍ നടന്നത്. വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയെ കുറിച്ച് ഒമാനം ഇറാനും സ്ഥിരീകരിച്ചുവെങ്കിലും യുഎസ് പ്രതികരിച്ചിട്ടില്ല.
അതേസമയം സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് വീണ്ടും ഭരണകൂട പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. പുതിയ സെമസ്റ്റര്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഖമനയിക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ത്തിയും റിസ പെഹ്‌ലവി തിരിച്ച് വരണമെന്നും സര്‍വകലാശാലകളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പ്രക്ഷോഭകരെ സൈന്യം നേരിട്ടതോടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മധ്യപൂര്‍വ ദേശത്ത് സമാധാനം വരണമെന്നാണ് ആഗ്രഹമെന്നും ഒരു യുദ്ധം കൂടി താങ്ങാന്‍ കഴിയില്ലെന്നുമാണ് ഇറാനെ ഏറെക്കുറെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ നിലപാട് വ്യക്തമാക്കിയത്. നയതന്ത്രപരമായ പരിഹാരം ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.