Turkey s President Tayyip Erdogan meets with Pakistan's Prime Minister Shehbaz Sharif and Qatar's Emir Tamim bin Hamad Al Thani on the sidelines of Antalya Diplomacy Forum in Antalya, Turkey, April 17, 2026. Murat Cetinmuhurdar/Turkish Presidential Press Office/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVES.

Image Credit: Reuters

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യങ്ങള്‍ രൂപമെടുക്കുന്നുവെന്ന് സൂചന. സൗദിയുമായുള്ള ആണവശക്തികളുടെ പരസ്പര പ്രതിരോധത്തിനുള്ള കൂട്ടായ്മയില്‍ ചേരാന്‍ ഖത്തറും തുര്‍ക്കിയും താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് പാക്കിസ്ഥാന്‍റെ വെളിപ്പെടുത്തല്‍. നീക്കങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും അന്തിമ തീരുമാനം ആയില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 

സൗദിയുടെയും ഖത്തറിന്‍റെ എണ്ണ സമ്പത്തും തുര്‍ക്കിയുടെ അത്യാധുനിക പ്രതിരോധ സംവിധാനവും പാക്കിസ്ഥാന്‍റെ ആണവശക്തിയും ചേരുമ്പോള്‍ പ്രദേശത്തിന്‍റെ സുരക്ഷ ഭേദിക്കാന്‍ കഴിയാത്ത ഒന്നായി മാറുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ചിരവൈരികളായ സൗദിയുടെയും തുര്‍ക്കിയുടെയും ഒന്നിക്കല്‍ കൂടിയാകും സംഭവിക്കുക. പശ്ചിമേഷ്യയിലെ സുന്നി നേതൃത്വത്തെ ചൊല്ലിയാണ് ഇസ്​ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നത്. 

2025ലാണ് സൗദിയും പാക്കിസ്ഥാനുമായി സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റില്‍ ഒപ്പുവച്ചത്. ഇതുപ്രകാരം സഖ്യരാജ്യത്തിനെതിരായ ആക്രമണത്തെ തങ്ങള്‍ക്കെതിരായ ആക്രമണമായി കൂടി കണ്ട് പ്രതിരോധിക്കുമെന്നായിരുന്നു കരാര്‍. ഇത് നാറ്റോയിലെ അഞ്ചാം അനുച്ഛേദത്തിന് തുല്യമാണെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സഖ്യം ഇറാന്‍ യുദ്ധത്തോടെ വിശാലമാകുകയാണെന്നും പശ്ചിമേഷ്യയുടെ സുരക്ഷിതത്വത്തിന് യുഎസിനെ ആശ്രയിക്കുന്നതില്‍ കാര്യമില്ലെന്ന് തെളിഞ്ഞത് പുതിയ സഖ്യ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് വിലയിരുത്തല്‍. 'പശ്ചിമേഷ്യയിലും യുഎസ് സ്വന്തം താല്‍പര്യങ്ങളും ഇസ്രയേലിന്‍റെ താല്‍പര്യങ്ങളും മാത്രമേ സംരക്ഷിക്കുകയുള്ളൂവെന്ന് യുദ്ധത്തോടെ തെളിഞ്ഞുവെന്നും അതുകൊണ്ട് പ്രദേശത്തിന്‍റെ സുരക്ഷിതത്വത്തിന് പുതിയ സംവിധാനങ്ങളും സുഹൃത്തുക്കളെയും കണ്ടെത്തേണ്ടതു'ണ്ടെന്ന് അങ്കാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയതന്ത്രജ്ഞന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പാക്കിസ്ഥാന്‍ മുന്‍കൈയെടുത്തുള്ള ഈ സഖ്യത്തിലേക്ക് തുര്‍ക്കിയും ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതേണ്ടത്. ഓപറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാനെ തുര്‍ക്കി ആയുധങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഇസ്രയേല്‍, അര്‍മേനിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും സഖ്യം പ്രത്യക്ഷ വെല്ലുവിളിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി–പാക്കിസ്ഥാന്‍ കരാറിലേക്ക് തുര്‍ക്കിയും ഖത്തറുമെത്തുന്നതോടെ നിര്‍ണായക ശക്തിയായി ഇസ്​ലാമിക് നാറ്റോ മാറുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ENGLISH SUMMARY:

Pakistan has revealed that Turkey and Qatar have expressed interest in joining a strategic mutual defense pact originally signed between Pakistan and Saudi Arabia in 2025. This emerging alliance, often termed the "Islamic NATO," aims to create a self-reliant security framework in the Middle East, reducing dependence on the United States. The alliance combines Saudi and Qatari financial wealth with Turkey’s advanced military technology and Pakistan’s nuclear capabilities. For India, this development poses a significant geopolitical challenge, especially given Turkey's history of supplying weapons to Pakistan during past conflicts. International observers suggest that while the alliance strengthens regional security for its members, it could shift the balance of power and impact countries like Israel, Cyprus, and Armenia alongside India.