Image Credit: x/CBS
അമേരിക്കയും ഇസ്രയേലും നടത്തിയ ഇറാന്‍ യുദ്ധത്തിനിടെ യുഎസ് സൈന്യത്തിന്‍റെ ആക്രമണത്തില്‍ നിന്നും ഇറാന്‍ വിമാനങ്ങളെ പാക്കിസ്ഥാന്‍ സംരക്ഷിച്ചുവെന്നും പാക്കിസ്ഥാന്‍റെ വ്യോമത്താവളത്തില്‍ അഭയം നല്‍കിയെന്നും റിപ്പോര്‍ട്ട്. ഇറാന്‍റെ സൈനിക വിമാനങ്ങള്‍ പാക്കിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമത്താവളത്തിലാണ് സൂക്ഷിച്ചതെന്നും അഫ്ഗാനിലേക്കും ഇറാന്‍ വിമാനങ്ങള്‍ മാറ്റിയെന്നുമാണ് യുഎസ് ഉന്നതന്‍ സിബിഎസിനോട് വെളിപ്പെടുത്തിയത്. ഇറാന്‍റെ RC-130 വിമാനം ഉള്‍പ്പടെ നൂര്‍ ഖാനിലുണ്ടായിരുന്നുവെന്നും യുഎസ് അവകാശപ്പെടുന്നു. ലോക്ഹീഡ് C 130 ഹെര്‍കുലീസിന്‍റെ വകഭേദമായ ആര്‍സി–130 രഹസ്യ നിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.
അതേസമയം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥശ്രമം നടത്തിയിരുന്ന പാക്കിസ്ഥാന്‍ ഈ വാദങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. നൂര്‍ ഖാനുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നഗരഹൃദയത്തിലാണ് നൂര്‍ ഖാന്‍ സ്ഥിതി ചെയ്യുന്നതെന്നും പാക്കിസ്ഥാന്‍ പറയുന്നു. യുഎസ് ഉന്നതന്‍ പറഞ്ഞതു പോലെ വന്‍തോതില്‍ സൈനിക വിമാനങ്ങള്‍ നൂര്‍ ഖാനില്‍ ഒളിപ്പിച്ചുവെങ്കില്‍ അത് എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞേനെ. ഒളിപ്പിക്കാന്‍ പറ്റുന്ന സ്ഥലമല്ല അത്'- എന്നും പാക് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഇറാന്‍ യാത്രാവിമാനം യുദ്ധം തുടങ്ങിയതിന് പിന്നാലെ കാബൂളില്‍ ഇറങ്ങിയതായി അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ ഓഫിസര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാന്‍റെ വ്യോമപാത അടച്ചതോടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. അതേസമയം, ഇറാന്‍ സൈനിക വിമാനങ്ങളൊന്നും അഫ്ഗാനില്‍ ഇല്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. 'ഇറാന് അവരുടെ വിമാനം അഫ്ഗാനില്‍ കൊണ്ടിടേണ്ട ആവശ്യമില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ ഇതും ഇതിനപ്പുറവും ചെയ്യുമെന്നായിരുന്നു യുഎസ് സെനറ്റര്‍ ലിന്‍ഡ് ഗ്രഹാം എക്സില്‍ പ്രതികരിച്ചത്. വിഷയത്തില്‍ പാക്കിസ്ഥാന്‍റെ നിലപാട് ഇസ്രയേലിനെതിരായ പ്രതികരണത്തില്‍ നിന്ന് വ്യക്തമായതാണെന്നും അദ്ദേഹം കുറിച്ചു.