sheikh-hamdan

TOPICS COVERED

ദുബായുടെ ചരിത്രമെഴുതാൻ താമസക്കാർക്ക് അവസരമൊരുക്കി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. എർത് ദുബായ് എന്ന പേരിൽ തുടങ്ങിയ സംരംഭം വഴി ദുബായുടെ വികസനത്തെ കുറിച്ചുള്ള താമസക്കാരുടെ ഓർമക്കുറിപ്പുകൾ ശേഖരിച്ച് രേഖയാക്കുകയാണ് ലക്ഷ്യം. ഇതുവഴി ദുബായിലെ താമസക്കാരായ ഓരോരുത്തർക്കും ദുബായി നഗരത്തിന്‍റെ കഥ പറയാനും എഴുതാനും അവസരമൊരുങ്ങുകയാണ്. 

 

തലമുറകൾ കൈമാറി വന്ന ഓർമക്കുറിപ്പുകളും താമസക്കാര്‍ക്ക് പങ്കുവയ്ക്കാം. വർഷങ്ങളായുള്ള ദുബായിയുടെ വികസനവും പരിവർത്തനവും ജനജീവിതവുമെല്ലാം താമസക്കാരിൽ നിന്ന് കഥകളായും ജീവിതാനുഭവങ്ങളായും ശേഖരിച്ച് രേഖപ്പെടുത്തും. സംരംഭത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ച ഷെയ്ഖ് ഹംദാൻ ദുബായുടെ ചരിത്രവും പൈതൃകവും അവിടുത്തെ ജനങ്ങളുടെ ശബ്ദത്തിൽ എഴുതുകയാണെന്ന് എക്സിൽ കുറിച്ചു. 

നഗരത്തിന്‍റെ ഭൂതകാലത്തെ ഭാവി തലമുറയ്ക്ക് പ്രചോദനമാകും വിധം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. പലഘട്ടങ്ങളായിട്ടായിരിക്കും സംരംഭം നടപ്പാക്കുക. ജനങ്ങളുടെ കുറിപ്പുകൾ ശേഖരിക്കുകയാണ് ആദ്യഘട്ടം. വിദഗ്ധ സമിതി ഇവ പരിശോധിക്കും. പൊതുസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ, സർക്കാർ മേഖലയിലെ ജീവനക്കാർ എന്നിവരുടെ സഹായത്തോടെയായിരിക്കും ഇത്. മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും പറയാനുള്ളത് കേട്ടറിഞ്ഞ് അവ രേഖപ്പെടുത്താൻ വിദ്യാർഥികളെ പ്രോൽസാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ ക്യാംപെയിൻ തുടങ്ങാനും പദ്ധതിയുണ്ട്.

ENGLISH SUMMARY:

Sheikh Hamdan bin Mohammed bin Rashid Al Maktoum offers residents the chance to share their memories of Dubai's growth. The "Erth Dubai" project aims to collect these stories and document the city's development through the eyes of its people.