Image: Manorama
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും തമ്മിൽ രൂക്ഷമായ വാക്പോര്. അടുത്ത ദിവസം നെതന്യാഹു ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ ന്യൂയോർക്കിലെത്തുന്നതിന് മുന്നോടിയായാണ് സംഭവം. നെതന്യാഹു വംശഹത്യയുടെ ശില്‍പിയാണെന്ന മംദാനിയുടെ പരാമര്‍ശമാണ് വാക്പോരിനു തുടക്കമിട്ടത്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെ നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും മംദാനി വിശേഷിപ്പിച്ചിരുന്നു.
Also Read: 13കാരിയെ ബലാത്സംഗം ചെയ്തു, ബന്ധത്തില്‍ ഒരു മകനും, പിന്നാലെ അസിസ്റ്റന്റാക്കി; തമിഴ്നാട്ടിലെ ‘എപ്സ്റ്റീന്‍’
ഇതിനു മറുപടിയായി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു മംദാനിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ‘ഞാൻ ഐക്യരാഷ്ട്രസഭയിലേക്ക് വരികയാണ്. ഞങ്ങളുടെ വീരന്മാരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാൻ അവിടെ പറയും, ഒപ്പം നിങ്ങളെക്കുറിച്ചുള്ള സത്യവും ഞാൻ വിളിച്ചുപറയും’ എന്നാണ് മംദാനിക്ക് നെതന്യാഹു മറുപടി നല്‍കിയത്.
‘ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്ത ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ? ന്യൂയോർക്കിലെ ജൂതന്മാർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതിൽ നിങ്ങൾക്ക് നാണമില്ലേ, മിസ്റ്റർ മംദാനി’ എന്നും നെതന്യാഹു വിഡിയോയില്‍ പറയുന്നു. നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി നേരത്തെ പ്രസ്താവിച്ചിരുന്നെങ്കിലും, ഒരു സിറ്റി മേയർ എന്ന നിലയിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരെയുള്ള വിദ്വേഷ ആരോപണങ്ങളെ മംദാനി തള്ളി. ഇസ്രയേൽ സർക്കാരിന്‍റെ നയങ്ങളെയും സൈനിക നടപടികളെയും വിമർശിക്കുന്നത് ജൂതവിരുദ്ധതയായി ചിത്രീകരിക്കരുതെന്നും താൻ വംശീയതയ്ക്ക് എതിരാണെന്നും അദ്ദേഹം വിശദീകരിച്ചു.