Israeli Prime Minister Benjamin Netanyahu | Image: REUTERS
2019 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇസ്രയേൽ പ്രധാനമന്ത്രിമാരുടേയും അവരുടെ പങ്കാളികളുടെയും ഹെയർ സ്റ്റൈലിങ്, മേക്കപ്പ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി മാത്രം ചെലവഴിച്ചത് ഏകദേശം 4.49 കോടി രൂപ. വിവരവാകാശ ഹര്‍ജി ലഭിച്ചതിനെ തുടര്‍ന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. ഇതില്‍ തന്നെ ചെലവഴിച്ച തുകയുടെ 90 ശതമാനത്തോളവും നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും ഭാര്യ സാറ നെതന്യാഹുവിന്റെയും ആവശ്യങ്ങൾക്കായാണ് വിനിയോഗിച്ചത്.
2022-ൽ നഫ്താലി ബെന്നറ്റ്, യായർ ലാപിഡ് എന്നിവർ ഭരണത്തിലിരുന്നപ്പോൾ മേക്കപ്പിനും മറ്റുമായി ചിലവഴിച്ച തുക ഏകദേശം 27,600 ഡോളറായിരുന്നു (26.4 ലക്ഷം രൂപ). എന്നാല്‍ 2023-ൽ നെതന്യാഹു അധികാരത്തിലെത്തിയതോടെ ഇത് 1.03 ലക്ഷം ഡോളറായി (ഏകദേശം 98 ലക്ഷം രൂപ) ഉയർന്നു. കഴിഞ്ഞ വര്‍ഷം, അതായത് 2025-ലാണ് മേക്കപ്പിനും മറ്റുമായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 2025 ഫെബ്രുവരിയിൽ നെതന്യാഹു നടത്തിയ നാല് ദിവസത്തെ വാഷിങ്ടൺ സന്ദർശനത്തിനിടെ മാത്രം മേക്കപ്പിനും മുടി അലങ്കരിക്കുന്നതിനുമായി 12.9 ലക്ഷം രൂപയാണ് പൊടിച്ചത്. ഈ വർഷം മാത്രം ഏകദേശം 1.06 കോടി രൂപയാണ് ($111,000) ഖജനാവിൽ നിന്ന് വകയിരുത്തിയത്.
ഗാസയിൽ യുദ്ധം രൂക്ഷമായി നടന്നിരുന്ന 2023 സെപ്റ്റംബറിനും നവംബറിനും ഇടയിലുള്ള മാസങ്ങളിൽ പോലും പ്രധാനമന്ത്രിയുടെ ഹെയർ സ്റ്റൈലിങ്ങിനായി ഏകദേശം 2.48 ലക്ഷം രൂപ ചെലവഴിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബറിൽ മാത്രം 810 ഡോളർ (ഏകദേശം 68,000 രൂപ) ഇതിനായി മാറ്റിവെച്ചു. മാത്രമല്ല, വസ്ത്രങ്ങൾക്കും ഔദ്യോഗിക സൽക്കാരങ്ങൾക്കുമായി നെതന്യാഹു 1.12 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്ന സമയത്ത് നികുതിദായകരുടെ പണം നേതാക്കളുടെ സൗന്ദര്യ സംരക്ഷണത്തിനായി ചെലവഴിച്ച സംഭവത്തിൽ രാജ്യത്തിനുള്ളിൽ ശക്തമായ പ്രതിഷേധവും ജനരോഷവുമാണ് ഉയരുന്നത്. എന്നാൽ രാജ്യാന്തര ഉച്ചകോടികളിലും നയതന്ത്ര കൂടിക്കാഴ്ചകളിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന നേതാക്കൾക്ക് ഇത്തരം ഔദ്യോഗിക ആഡംബരങ്ങൾ ആവശ്യമാണെന്നാണ് ഭരണകൂടത്തെ അനുകൂലിക്കുന്നവരുടെ വാദം.