ജമ്മു കശ്മീരിനെക്കുറിച്ചുള്ള യു.എസ് അംബാസഡറുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാൻ രംഗത്ത്. ഇന്ത്യയുടെ സന്ദർശനത്തിനിടെ ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പരാമർശത്തിലാണ് പാക്കിസ്ഥാൻ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചത്.
സംഭവത്തെത്തുടർന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം യു.എസ് ചാർജ് ഡി അഫയേഴ്സ് നതാലി ബേക്കറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം (ഡെമാർച്ച്) അറിയിച്ചു. സെർജിയോ ഗോറിന്റേത് അവധാനതയില്ലാത്ത പരാമർശമാണെന്നും ഇത് യു.എസിന്റെ ദീർഘകാലമായുള്ള നയങ്ങൾക്ക് വിരുദ്ധമാണെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ജമ്മു കശ്മീർ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തര്‍ക്ക പ്രദേശമാണെന്ന നിലപാടാണ് പാക്കിസ്ഥാൻ ആവർത്തിച്ചത്.
ശ്രീനഗറിലെത്തിയ യു.എസ് അംബാസഡർ സെർജിയോ ഗോർ, ദാൽ തടാകത്തിലൂടെ ശിക്കാരാ സർവീസ് ആസ്വദിക്കുകയും ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാനവും മനോഹരവുമായ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും സ്വീകരിച്ച സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ മേഖലയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ യു.എസ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ പരാമർശങ്ങളാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്.