Veena Vijayan
Pinarayi Vijayan's daughter
Thiruvananthapuram  2025 : Photo by : J Suresh

Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh

  • വീണയുടെ ‍ഡയറിയില്‍ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍
  • ഡയറിയില്‍‌ വ്യക്തികളുടെ പേരും പണത്തിന്റെ വിവരവും
  • വരുമാനത്തിനപ്പുറമുള്ള പണം വീണ കൈകാര്യം ചെയ്തു

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണക്കെതിരെ നിർണായക തെളിവുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയുടെ ഡയറിയിൽ 20.05 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്തിയതിനേക്കാൾ വലിയ തുകയാണ് വീണ കൈകാര്യം ചെയ്തിട്ടുള്ളതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

കഴിഞ്ഞ മേയ് 27ന് തിരുവനന്തപുരത്തും പിണറായിയിലുമടക്കം നടന്ന റെയ്ഡുകളിലാണ് വീണയുടെ കൈപ്പടയിലുള്ള ഡയറികളും ഡിജിറ്റൽ രേഖകളും ഇ.ഡി പിടിച്ചെടുത്തത്. ഈ ഡയറിയിൽ വിവിധ വ്യക്തികളുടെ പേരുകളും പണമിടപാടുകളുടെ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ദുബായിലേക്ക് ഹവാല ചാനലുകൾ വഴി പണം അയച്ചതിന്റെ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. ഡയറിയിലെ കണക്കുകൾ പ്രകാരം ഏകദേശം 3.49 ലക്ഷം ദിർഹം (AED), അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയിട്ടുണ്ട്. മൊത്തത്തിൽ 20.05 കോടി രൂപയുടെ ഇടപാടുകളാണ് ഡയറിയിൽ ഉള്ളത്. സി.എം.ആർ.എൽ സ്ഥാപനത്തിൽ നിന്നും സേവനങ്ങളൊന്നും ചെയ്യാതെയാണ് വീണ പണം കൈപ്പറ്റിയതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വീണയുടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മറ്റൊരാളുടെ പേരിലുള്ള സിം കാർഡിന്റെ ഫോട്ടോ കണ്ടെത്തിയിട്ടുണ്ട്. വൈഫൈ റൂട്ടറിനായി മറ്റൊരാളുടെ പേരിൽ എടുത്ത ഈ സിം കാർഡ്, ഇന്റർനെറ്റ് വഴിയുള്ള അന്താരാഷ്ട്ര കോളുകൾക്കായി ഉപയോഗിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ സംശയം. ഡയറിയിൽ പേരുള്ളവരെയും സിം കാർഡ് നൽകിയ വ്യക്തിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യക്തികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ഇ.ഡി, നിയമപ്രകാരമുള്ള തുടർനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. പണം കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ കടക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

Enforcement Directorate has uncovered significant evidence in the CMRL-Exalogic financial deal against Pinarayi Vijayan's daughter, Veena. Investigations reveal financial transactions totaling 20.05 crore rupees, with evidence of hawala transactions to Dubai.