jinnah-gandhi

പാക്കിസ്ഥാന്‍റെ സ്ഥാപകനും ആദ്യത്തെ ഗവർണർ ജനറലുമായ മുഹമ്മദ് അലി ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിന് 2 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം നല്‍കാനൊരുങ്ങി പാക്കിസ്ഥാന്‍. മുംബൈയില്‍ നിന്നുളള ഡോക്ടര്‍മാര്‍ക്കാണ് മരണാനന്തര ബഹുമതിയായി നിഷാൻ-ഇ-ഇംതിയാസ് പുരസ്കാരം നൽകുന്നത്. പാഴ്സി വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരായ ഡോ. ജാൽ രത്തൻജി പട്ടേലിനും ഡോ. ജാൽ ധായ്ഭോ-കൂവിനുമാണ് പുരസ്കാരം. ഇരുവരുടെയും കുടുംബാംഗങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും 2027 മാർച്ചില്‍ നടക്കുന്ന ചടങ്ങിൽ ഈ പുരസ്കാരം സമ്മാനിക്കും.

1946-ൽ ജിന്നയുടെ എക്സ്-റേ പരിശോധിച്ച് അദ്ദേഹത്തിന് ഗുരുതരമായ ക്ഷയരോഗം ബാധിച്ചതായി രണ്ട് ഡോക്ടര്‍മാരും കണ്ടെത്തിയിരുന്നു. ലാറി കോളിൻസും ഡൊമിനിക് ലാപിയറും ചേർന്ന് എഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത് അനുസരിച്ച്, ജിന്നയ്ക്ക് ഇനി ഒന്നോ രണ്ടോ വർഷത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന് ഈ ഡോക്ടർമാർ നിഗമനത്തിലെത്തിയിരുന്നു. സ്ഥിതി ഇത്രയും ഗുരുതരമായിരുന്നിട്ടും, പ്രഫഷണൽ ധാർമ്മികത മുൻനിർത്തി ഡോക്ടർമാർ ഈ വിവരം പുറത്തുവിടാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ജിന്നയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം തന്നെ വൈകിയേനെ എന്നും റിപ്പോര്‍ട്ടുകളുണ്ട്. 1947 ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാന്‍ സ്വതന്ത്രരാജ്യമായി രൂപീകൃതമായത്.

ജിന്നയുടെ ആരോഗ്യനില സംബന്ധിച്ചുളള വിവരങ്ങള്‍ ഡോക്ടർമാർ രഹസ്യമാക്കി വച്ചത് അസാധാരണമായ ഒരു സേവനമായിരുന്നു എന്ന് പാകിസ്ഥാൻ കേന്ദ്ര ആസൂത്രണ മന്ത്രിയും അവാർഡ് കമ്മിറ്റി ചെയർമാനുമായ അഹ്സൻ ഇഖ്ബാൽ പറഞ്ഞു. ജിന്നയുടെ ആരോഗ്യനില വഷളാണെന്ന വിവരം പുറത്തറിഞ്ഞിരുന്നെങ്കിൽ, വിഭജനത്തിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ഗതി തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ജിന്നയ്ക്ക് ഇത്രയും ഗുരുതരമായ രോഗമുണ്ടായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നെങ്കിൽ വിഭജനം വൈകിപ്പിക്കുമായിരുന്നു എന്ന മുൻ വൈസ്രോയ് ലോർഡ് മൗണ്ട്ബാറ്റന്റെ പിൽക്കാല പ്രസ്താവനയും ഇഖ്ബാൽ ചൂണ്ടിക്കാണിച്ചു. ഡോക്ടർമാർ തങ്ങളുടെ പ്രഫഷണൽ ധാർമ്മികത വിട്ടുവീഴ്ചയില്ലാതെ പാലിച്ചത്, പാകിസ്ഥാന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങൾക്ക് അറിയാതെയാണെങ്കിലും കാരണമായി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

1947 ഓഗസ്റ്റ് 14ന് പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടതിന് പിന്നാലെ ഒരു വർഷം കഴിഞ്ഞ്, 1948 സെപ്റ്റംബർ 11നാണ് ജിന്ന മരിച്ചത്. ശ്വാസകോശ ക്ഷയരോഗമായിരുന്നു മരണകാരണമെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്‌. ജിന്നയുടെ മരണത്തിന് 78 വർഷത്തിന് ശേഷമാണ് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാർക്ക് പാക്കിസ്ഥാന്‍ പരമോന്നത സിവിലിയൻ ബഹുമതി നൽകുന്നത്.

ENGLISH SUMMARY:

Pakistan is set to bestow its highest civilian award, Nishan-e-Imtiaz, upon two Indian doctors for their professional ethics in concealing the critical illness of Muhammad Ali Jinnah, the founder of Pakistan. This posthumous recognition highlights their commitment to patient confidentiality, which potentially influenced the course of the India-Pakistan partition.