up-murder

Image Credit : Twitter

ഉത്തർപ്രദേശില്‍ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി വാഹനം തീയിട്ടു നശിപ്പിച്ച കേസിൽ 40 കാരിയായ സ്ത്രീ അറസ്റ്റില്‍. ബിലാസ്പൂർ സ്വദേശിയായ സുഖ്‌വീന്ദർ സിങ്ങിന്‍റെ ഭാര്യ അമൻദീപ് കൗര്‍ ആണ് അറസ്റ്റിലായത്. ബൽവീന്ദർ സിങ് എന്ന ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ബൽവീന്ദർ സിങ്ങുമായി അടുപ്പത്തിലായിരുന്നു പ്രതി അമൻദീപ് കൗര്‍. ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന ബൽവീന്ദറിന്‍റെ ഭീഷണിയുമാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ പിലിഭിത്തില്‍ ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുരാൻപുർ കോട്‌വാലി പരിധിയിൽ കത്തിനശിച്ച ലോറിക്കുള്ളിൽ ഡ്രൈവറായ ബൽവീന്ദർ സിങ്ങിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. മൂന്നുവര്‍ഷത്തിലേറെയായി അമൻദീപ് കൗര്‍ ബൽവീന്ദർ സിങ്ങുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാന്‍ അമൻദീപ് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അതിന് തയാറല്ലാത്ത ബൽവീന്ദർ അമന്‍ദീപിനെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ, അമൻദീപിന്റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കുടുംബത്തിന് കാണിച്ചുകൊടുക്കുമെന്നും സൈബറിടത്ത് പ്രചരിപ്പിക്കുമെന്നും ബൽവീന്ദർ ഭീഷണിപ്പെടുത്തി. കുടുംബം തകരുമെന്ന ഭയമാണ് ബല്‍വീന്ദറെ ഇല്ലാതാക്കാനുളള തീരുമാനത്തിലേക്ക് നയിച്ചതെന്ന് അമന്‍ദീപ് പൊലീസിനോട് പറഞ്ഞു.

ബൽവീന്ദറിനെ അമന്‍ദീപ് ലോറിക്കകത്ത് വച്ച് ഇരുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ശേഷം കാനില്‍ കരുതിയ ഡീസല്‍ ലോറിയിലും മൃതദേഹത്തിലുമൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. അപകടമരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് ഇപ്രകാരം തീയിട്ടതെന്ന് അമന്‍ദീപ് സമ്മതിച്ചു. മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബൽവീന്ദറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അമന്‍ദീപ് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും പ്ലാസ്റ്റിക് കാനും പൊലീസ് കണ്ടെടുത്തു. 

ENGLISH SUMMARY:

Uttar Pradesh truck driver murder involves a woman arrested for killing her acquaintance and setting the vehicle on fire. The police have apprehended a 40-year-old woman in connection with the murder of a truck driver, which also involved the destruction of his vehicle by fire.