Image: X, @Ragepkj
യുഎസ് ആക്രമിച്ച പലാവു പതാകയുള്ള കപ്പലിന് വാക്കാലുള്ള 60 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും അത് ഒട്ടും ഗൗരവത്തിലെടുക്കാതെ അവഗണിക്കുകയായിരുന്നുവെന്നും യുഎസ് സൈന്യം. ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായ എ.ടി സെറ്റ്ബെല്ലോ കപ്പല്‍ ആക്രമിക്കപ്പെടുന്നതിനു മുന്‍പുള്ള സംഭവങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് യുഎസ് സൈന്യം പറയുന്നത്.
സെറ്റ്ബെല്ലോയുടെ എന്‍ജിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികരുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഉപരോധം മറികടന്ന് ഇറാനിയന്‍ എണ്ണ അനധികൃതമായി കടത്താനുപയോഗിച്ച കപ്പലാണിതെന്നാണ് അമേരിക്കയുടെ വാദം. എന്‍ജിന്‍ റൂമില്‍ നിന്നും പുറത്തുകടക്കാനായി ഉദ്യോഗസ്ഥര്‍ക്ക് 15 മിനിറ്റ് സമയം നല്‍കിയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. തങ്ങളുടെ മുന്നറിയിപ്പുകളെല്ലാം ലംഘിച്ചതാണ് ആക്രമണത്തിനു കാരണമെന്നും യുഎസ് പറയുന്നു.
കപ്പല്‍ നിഷ്ക്രിയമാക്കുന്നതിനായി എന്‍ജിന്‍ റൂമിലേക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. യുഎസ് ഉപരോധം മറികടന്നതാണ് ആക്രമണത്തിനു കാരണമെന്നാണ് യുഎസിന്റെ ന്യായീകരണവാദം. ഈ ആക്രമണത്തില്‍ മൂന്ന് നാവികർ കൊല്ലപ്പെട്ടതിനു പിന്നാലെ
യുഎസ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടായിരുന്നു. അതേസമയം സംഘര്‍ഷ സമാനമായ സാഹചര്യത്തില്‍ നിന്നും അമേരിക്കയും ഇറാനും സമാധാന കരാറിലെത്തിയത് വലിയ ആശ്വാസമായാണ് മേഖലയിലെ ഇന്ത്യൻ നാവികർ കാണുന്നത്. ഈ മാസം 19-ന് സ്വിറ്റ്സർലൻഡിൽ വെച്ചാണ് കരാർ ഒപ്പുവെക്കുന്നത്. ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം അടിയന്തിരമായി നീക്കുന്നതായും കപ്പലുകൾക്ക് ഇനി യാത്ര തുടരാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു