ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗൾഫ് ഫുഡിന് ദുബായിൽ തുടക്കമായി. ഇന്ത്യയുൾപ്പെടെ 190ൽ പരം രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലേറെ പ്രദർശകർ പങ്കെടുക്കുന്ന മേള, ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലുമായാണ് ഒരുക്കിയിരിക്കുന്നത്. 

 

‌നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമായ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം, ഭക്ഷ്യ രംഗത്തെ വ്യവസായ സാധ്യതകളെയുമാണ് ഗൾഫൂഡ് അവതരിപ്പിക്കുന്നത്. പ്രദർശന നഗരിയിൽ സന്ദർശനം നടത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഭക്ഷ്യ വ്യവസായ രംഗത്ത് ലോകരാജ്യങ്ങളെ കൂട്ടിയിണക്കുന്നതിൽ യുഎഇ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കി.

ഇത്തവണത്തെ പങ്കാളിത്ത രാജ്യമായ ഇന്ത്യയുടെ പവലിയൻ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് സെക്രട്ടറി അവിനാശ് ജോഷി, അപെഡ (APEDA) ചെയർമാൻ അഭിഷേക് ദേവ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിൽ നിന്ന് കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം കമ്പനികൾക്ക് പുറമെ ലുലു ഗ്രൂപ്പ് അടക്കമുള്ള രാജ്യാന്തര ബ്രാൻഡുകളും മേളയിൽ സജീവമാണ്. റീട്ടെയിൽ ഭക്ഷ്യോൽപ്പന്ന മേഖലയിലെ നൂതനമായ പ്രവണതകൾ ഇത്തവണത്തെ ഗൾഫൂഡിൽ പ്രകടമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിലയിരുത്തി.

യുഎഇ വിപണിയിലെ ഒന്നാം നമ്പർ സ്പൈസ് ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട ഈസ്റ്റേൺ, ആർ.കെ.ജി നെയ്യ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും പവലിയനുകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഓർക്ക്ല ഇന്ത്യയുടെ കീഴിലുള്ള ഈസ്റ്റേൺ ബ്രാൻഡ്, അറബിക് രുചിക്കൂട്ടുകളിലും അഞ്ച് മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് പോലുള്ള നൂതന വിഭവങ്ങളും മേളയിൽ പരിചയപ്പെടുത്തുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേള ലോകമെമ്പാടുനിന്നുള്ള സന്ദർശകർക്ക് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ നേരിട്ടറിയാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.

ENGLISH SUMMARY:

The world’s largest food and beverage exhibition, Gulfood, has commenced in Dubai, bringing together more than 5,000 exhibitors from over 190 countries, including India. The event is being held at the Dubai World Trade Centre and Expo City Dubai.