ഗള്‍ഫില്‍ തുടരാക്രമണങ്ങളുമായി ഇറാന്‍... ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളില്‍ ആക്രമണശ്രമം തകര്‍ത്തു. ഇറാനുമായി ഉടന്‍ വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പിന്‍തുടര്‍ന്ന് വധിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. 

യുഎഇയില്‍ ദുബായ് മറീന, അല്‍ സുഫ മേഖലകളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തു. അബുദാബി റുവൈസ് വ്യവസായ മേഖലയില്‍ ഡ്രോണ്‍ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ എണ്ണയുല്‍പാദകകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ നീക്കമുണ്ടായി.  റിയാദിലടക്കം 10 ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ ആക്രമണശ്രമം നടത്തി. അഹമ്മദ് അല്‍-ജാബര്‍ വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സായുധസേന അംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബനനില്‍ നാല് കുട്ടികളടക്കം 14പേര്‍കൂടി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുഎസ് പൗരന്‍മാര്‍ ഇറാഖ് വിടണമെന്ന് യുഎസ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, ഇറാനുമായി ഉടന്‍ വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസിലൂടെ ശത്രുക്കളുടെ കപ്പലുകള്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്‍തുടര്‍ന്ന് കൊല്ലുമെന്ന് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കി. 

നെതന്യാഹുവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്നും നെതന്യാഹു സുഖമായിരിക്കുന്നുവെന്നും ഓഫിസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Iran's continued aggression in the Gulf has led to foiled attack attempts in Dubai, Abu Dhabi, and Saudi Arabia. US President Trump has stated there will be no immediate ceasefire with Iran, while the Iranian military has warned of pursuing and killing Israeli Prime Minister Netanyahu.