Smoke rises above Dubai on March 13, 2026. Explosions rattled buildings in Dubai and a large cloud of smoke hung over a central area of the Middle East financial hub on March 13, AFP correspondents said. (Photo by AFP) /

24 മണിക്കൂറിനിടെ ദുബായിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. ദുബായിലെ ഫിനാന്‍ഷ്യല്‍ ഹബിലാണ് ആക്രമണം ഉണ്ടായത്. ഡ്രോണിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും എന്നാല്‍ അവശിഷ്ടങ്ങള്‍ വീണ് സെന്‍ട്രല്‍ ദുബായിലെ കെട്ടിടങ്ങളിലൊന്നിന് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും ദുബായ് മീഡിയ ഓഫിസ് എക്സില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ തീപിടിത്തം ഉണ്ടായിട്ടില്ലെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. 

ഇന്നലെയും സെന്‍ട്രല്‍ ദുബായില്‍ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ദുബായ് ഇന്‍റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിലെ തകര്‍ന്ന കെട്ടിടത്തിന്‍റെ ചിത്രം എഎഫ്പി പുറത്തുവിടുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് ബെഡ്ഡില്‍ നിന്നും താന്‍ ചാടിയെഴുന്നേറ്റുപോയി എന്നായിരുന്നു തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാള്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. ഭൂമി കുലുങ്ങിയത് പോലെ തോന്നിയെന്നും എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ ജനാലയ്ക്ക് സമീപം പോയി നോക്കി, അത്രയും ഭീകരമായിരുന്നു ശബ്ദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സെന്‍ട്രല്‍ ഡിസ്ട്രിക്ടില്‍ ഇരട്ട സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടുവെന്നും വലിയ തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നത് കാണാമായിരുന്നുവെന്നും എഎഫ്പിയുടെ മറ്റൊരു പ്രതിനിധിയും വെളിപ്പെടുത്തി.

ബാഗ്ദാദിലെ യുഎസ് എംബസിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായവിവരം ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനാണ് സ്ഥിരീകരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'എംബസിയില്‍ ഒരു ഡ്രോണ്‍ വീണു' എന്ന് മറ്റൊരു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. ബാഗ്ദാദിലെ യുഎസ് എംബസിക്കുള്ളിലെ ഹെലിപാഡില്‍ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍റെ പിന്തുണയുള്ള കത്തീബ് ഹിസ്ബുല്ലകളുടെ കേന്ദ്രം യുഎസ് ആക്രമിക്കുകയും രണ്ട് പേരെ വധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടേകാലോടെയായിരുന്നു കത്തീബ് ഹിസ്ബുല്ലകള്‍ കഴിഞ്ഞിരുന്ന വീടിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. 

 

ENGLISH SUMMARY:

Dubai faced its second drone strike within 24 hours, targeting the Financial Hub. While the Dubai Media Office confirmed no casualties, debris caused damage to buildings in Central Dubai. Simultaneously, reports confirmed a drone and missile attack on the US Embassy in Baghdad, specifically hitting the helipad. The escalation follows a US strike on Kataib Hezbollah. International media, including AFP and AP, reported loud explosions and smoke in both cities.