വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പരാമർശങ്ങൾ വിവാദത്തില്‍. ലീവിറ്റിന്‍റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ് സെക്രട്ടറിയെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണുയരുന്നത്.
‘അവൾ ഒരു താരമാണ്. ഒരു മികച്ച വ്യക്തിയും. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ ചലിക്കുന്ന രീതി, ഒരു യന്ത്രത്തോക്ക് പോലെയാണ്. ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കാരലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
27 വയസ്സുള്ള കാരലിന്‍ ലീവിറ്റ്, ഡോണള്‍ഡ് ട്രംപിന്‍റെ അഞ്ചാമത്തെയും രണ്ടാം തവണത്തെ ഭരണത്തിലെ ആദ്യത്തെയും പ്രസ് സെക്രട്ടറിയാണ്. ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് ലീവിറ്റ് ഒരു വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ പ്രതികരണം.
ട്രംപിന്‍റെ ഭാഷാ പ്രയോഗങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനവുമുയരുന്നത്. ഒട്ടും പ്രഫഷനല്‍ അല്ലാതെയാണ് ട്രംപ് അഭിമുഖത്തില്‍ സംസാരിച്ചതെന്നും ചിലർ പ്രതികരിച്ചു.