Australia s Prime Minister Anthony Albanese (C) speaks during an official function to mark the start of Australia s social media reform at Kirrilbilli House in Sydney on December 10, 2025. Australia banned legions of young teenagers from social media with a world-first crackdown on December 10, declaring it was time to "take back control" from formidable tech giants. (Photo by DAVID GRAY / AFP)
പതിനാറുവയസില്‍ താഴെയുള്ളവരുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കി ഓസ്ട്രേലിയ. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. അഭിമാന നിമിഷമാണിതെന്നും അധികാരം കുടുംബത്തിലേക്ക് തിരിച്ചെത്തുന്ന ദിവസമാണിതെന്നും വിഡിയോ സന്ദേശത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അഭിപ്രായപ്പെട്ടു. ടിക്ടോക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവരോട് 16 വയസില്‍ താഴെയുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെക് ഭീമന്‍മാരില്‍ നിന്ന് വീടിന്‍റെ അകത്തളങ്ങളുടെ അധികാരം തിരികെപ്പിടിക്കാന്‍ കുടുംബങ്ങള്‍ക്കുള്ള സുവര്‍ണാവസരമാണിതെന്നും കുട്ടികള്‍ കുട്ടികളായി തുടരട്ടെയെന്നും മാതാപിതാക്കള്‍ക്ക് മനസമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഓസീസ് പ്രധാനമന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്ക് തുടര്‍ന്നും ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് 33 ദശലക്ഷം ഡോളര്‍ വരെയാണ് പിഴയീടാക്കുകയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വലിയ പിന്തുണയാണ് തീരുമാനത്തിന് ഓസ്ട്രേലിയയിലെ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. രാജ്യത്ത് വലിയ സാംസ്കാരിക–സാമൂഹിക മാറ്റങ്ങള്‍ക്ക് ഇതോടെ തുടക്കമാകുമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വലിയ കുറവുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്തണി ആല്‍ബനീസ് പറഞ്ഞു. കൗമാരക്കാരുടെ മാനസികാരോഗ്യത്തെ സമൂഹമാധ്യമങ്ങള്‍ ബാധിക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് ആല്‍ബനീസ് സര്‍ക്കാര്‍ നിരോധനത്തിന് നീക്കം തുടങ്ങിയത്.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒടുവില്‍ മസ്കിന്‍റെ എക്സും വ്യക്തമാക്കി. 'ഈ തീരുമാനം തങ്ങളുടേതല്ലെന്നും പക്ഷേ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്ലാറ്റ്ഫോം അറിയിച്ചു. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി സെല്‍ഫിയും പ്രായം തെളിയിക്കുന്ന രേഖകളും ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.