തെന്നിന്ത്യൻ സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച് നടി താപ്‌സി പന്നു. അഭിനയത്തേക്കാൾ ഉപരിയായി നടിമാരുടെ ശരീര പ്രദർശനത്തിന് പ്രാധാന്യം നൽകുന്ന രീതിയെയാണ് താരം രൂക്ഷമായി വിമർശിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു താപ്‌സിയുടെ ഈ തുറന്നുപറച്ചില്‍.
സിനിമകളിൽ അഭിനയിക്കുമ്പോൾ നടിമാർ നിർബന്ധമായും 'പാഡഡ് ബ്രാ' ധരിക്കണമെന്ന് ചില സംവിധായകർ ആവശ്യപ്പെടാറുണ്ടെന്ന് താപ്‌സി വെളിപ്പെടുത്തി. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇത്തരം പ്രവണതകൾ കൂടുതലായി കണ്ടുവരുന്നത്. പ്രേക്ഷകരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നടിമാരുടെ ശാരീരികഭംഗി കൃത്രിമമായി വർദ്ധിപ്പിക്കാനാണ് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും, ഇത് നടിയുടെ പ്രകടനത്തേക്കാൾ ഉപരിയായി ശരീരത്തിലേക്ക് മാത്രം ശ്രദ്ധ തിരിക്കാനാണ് സഹായിക്കുന്നതെന്നും താരം കുറ്റപ്പെടുത്തി.
ഷൂട്ടിംഗ് സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ ആശയവിനിമയം നടത്തുന്ന രീതി അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് താപ്‌സി ചൂണ്ടിക്കാട്ടി. സംവിധായകൻ നേരിട്ട് പറയുന്നതിന് പകരം അസിസ്റ്റന്റ് ഡയറക്ടർമാരോ സ്റ്റൈലിംഗ് ടീമോ വഴിയാണ് ഇത്തരം നിർദ്ദേശങ്ങൾ വരുന്നത്. വളരെ കുറച്ച് സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ പല കൈകൾ മാറി നടിമാരിലേക്ക് എത്തുന്നത് തന്നെ നാണം കെടുത്തിയിട്ടുണ്ടെന്നും താരം ഓർത്തെടുത്തു. പ്രത്യേകിച്ചും ഗാനചിത്രീകരണ വേളയിൽ ശരീരഭാഗങ്ങൾ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നത് അരോചകമാണെന്ന് അവർ പറഞ്ഞു.
ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ ക്യാമറയിൽ പ്രാധാന്യം നൽകാറുള്ളതെന്നും ഇത്തരം പ്രവണതകളുടെ പിന്നിലെ യുക്തിയെ താൻ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ടെന്നും താപ്‌സി കൂട്ടിച്ചേർത്തു. അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' എന്ന ചിത്രത്തിലാണ് താപ്‌സി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2026 ഫെബ്രുവരി 20-നായിരുന്നു ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്.