Image Credit:X

Image Credit:X

കാമുകി മഹിക ശര്‍മയുടെ ചിത്രം മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ. അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു. 

ഹാര്‍ദികിന്‍റെ കുറിപ്പിങ്ങനെ:'ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന്‍റെ ഭാഗമാണെന്നതു കൊണ്ടുതന്നെ പൊതുജനമധ്യത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധയും നിരന്തരമുള്ള വിചാരണയും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്ററന്‍റില്‍ നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. അപ്പോള്‍ പാപ്പരാസികള്‍ അവളുടെ ചിത്രം പ്രത്യേക ആംഗിളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചു. ലോകത്തൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല അത്. തരം താഴ്ന്ന സെന്‍സേഷണലിസത്തിനായി സ്വകാര്യ നിമിഷത്തെ ഉപയോഗിച്ചു. 

ഇത് തലക്കെട്ടുകളെ കുറിച്ചോ ആര് അതില്‍ ക്ലിക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ചോ അല്ല. ഒരു സാമാന്യ മര്യാദയുണ്ടല്ലോ. സ്ത്രീകള്‍ അന്തസ് അര്‍ഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതകളും അതിര്‍വരമ്പുമുണ്ട്. ദിവസവും കഠിന പ്രയത്നം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോടാണ്: നിങ്ങളുടെ തിരക്കെനിക്ക് മനസിലാകും. ഞാന്‍ എപ്പോഴും സഹകരിക്കാറുമുണ്ട്. പക്ഷേ കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം. നന്ദി'. 

നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അടുത്തയിടെയാണ് യോഗ ട്രെയിനറും മോഡലുമായ മഹികയുമായി ഹാര്‍ദിക് പ്രണയത്തിലായത്. ഒക്ടോബറില്‍ പ്രണയബന്ധം ഹാര്‍ദിക് പരസ്യപ്പെടുത്തുകയും ചെയ്തു. 32–ാം പിറന്നാളിന് തൊട്ടു മുന്‍പാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പങ്കിട്ടത്. 24കാരിയായ മഹിക പ്രമുഖ ഡിസൈനര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മോഡലാണ്. നിരവധി പുരസ്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. തന്‍റെ ജീവിതത്തില്‍ ഏറ്റവും മൂല്യം കല്‍പ്പിക്കുന്ന മൂന്ന് കാര്യങ്ങളിലൊന്ന് മഹികയാണെന്നും താരം തുറന്നുപറഞ്ഞിരുന്നു. ക്രിക്കറ്റും മകന്‍ അഗസ്ത്യയുമാണ് മറ്റുള്ളവ.

ENGLISH SUMMARY:

Cricketer Hardik Pandya publicly criticized paparazzi on his Instagram story for crossing boundaries by taking inappropriate photos of his girlfriend, Mahika Sharma, as she was leaving a Bandra restaurant. Pandya strongly asserted that the photographers attempted to capture her image from an 'unwanted angle' for "cheap sensationalism," disrespecting her dignity and privacy. He appealed to journalists to be more mindful and humane, emphasizing that "not everything needs to be captured." Hardik recently made his relationship with Mahika, a yoga trainer and model, public after separating from Natasa Stankovic, naming her one of the three most important things in his life.