അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇതുവരെ 104 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കെര്‍ കൗണ്ടിയില്‍ മാത്രം 84 പേര്‍ മരിച്ചു. ഇതില്‍ ഇരുപത്തെട്ടുപേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിന്നൽപ്രളയത്തിൽ ഗ്വാഡല്യൂപ് നദിയിൽ വെള്ളം ഉയർന്നത് വന്‍ നാശനഷ്ടങ്ങൾക്കിടയാക്കിയിരുന്നു. വേനൽക്കാല ക്യാംപിൽ ഉറങ്ങുകയായിരുന്ന 25 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡല്യൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 6.7 മീറ്റർ വരെ കുതിച്ചുയർന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തേ തന്നെ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം.
ആദ്യമൂന്നു മണിക്കൂർ കൊണ്ടു സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. അതേസമയം പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം ആരോപണം ഉന്നയിച്ചിരുന്നു. യുഎസിലെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന ജൂലൈ നാലിനാണ് ദുരന്തം പ്രളയത്തിന്റെ രൂപത്തിലെത്തിയത്.