ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ മടങ്ങിയെത്തി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 4.40 പുറപ്പെട്ട വിമാനമാണ് തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങിയത്. 353 യാത്രക്കാർ വിമാനത്തിലുണ്ട്.

അതേസമയം, പുലര്‍ച്ചെ നാലരയ്ക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 8.30ന് വിമാനം തിരികെ കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. സ്ഥിതി അനുകൂലമായാല്‍ ദുബായിലേയ്ക്ക് സര്‍വീസ് പുന:രാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യാത്രക്കാരോട് വിമാനത്തില്‍ കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരോട് വീടുകളിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. 325 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഗള്‍ഫ് മേഖലയില്‍ വീണ്ടും ഇറാന്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് ദുബായ് വിമാനത്താവളം അടച്ചത്. ഡ്രോണ്‍ ആക്രമണം ചെറുക്കുന്നതിനിടെ അവശിഷ്ടം വീണ് ദുബായ് വിമാനത്താവളത്തിന് സമീപം തീപിടിത്തമുണ്ടായിരുന്നു. ഇന്ധന ടാങ്കിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയിലും ആക്രമണശ്രമമുണ്ടായി. കിഴക്കന്‍ മേഖലയില്‍ 34 ഡ്രോണുകള്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കോ കരാറിനോ ഇല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും വെടിനിര്‍ത്തലിനായി ഇറാന്‍ ആവശ്യപ്പെടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തലിനായി ഇറാന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ അമേരിക്ക അതിന് തയാറല്ലെന്നും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് ഇറാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. യുദ്ധം ഇറാന്റെ തീരുമാനമല്ലെന്നും അമേരിക്കയുടെയും ഇസ്രയേലിന്റെയും തീരുമാനമായിരുന്നെന്നും അബ്ബാസ് അറാഗ്‌ചി പറഞ്ഞു. പ്രതികാരത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറില്ലെന്നും അറാഗ്ചി യു.എസ് വാര്‍ത്താചാനലിനോട് വ്യക്തമാക്കി.

ENGLISH SUMMARY:

Emirates flights from Kochi and Thiruvananthapuram to Dubai returned to Kerala after Dubai International Airport (DXB) was temporarily closed following an Iranian drone attack. Over 670 passengers were affected as flight operations were suspended due to a fire near a fuel tank caused by drone debris. Iran FM Abbas Araghchi rejects ceasefire talks with the US, while oil prices surge. Get the latest updates on flight cancellations and Middle East war news.