സിപിഎമ്മിനെ വെലുവിളിച്ച് അമ്പലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി.സുധാകരന് കോണ്‍ഗ്രസ് പിന്തുണ. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയില്‍ തീരുമാനം. ഇതോടെ എം.ലിജുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. അതേസമയം, ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. എച്ച്. സലാമാണ് അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥി.

സി.പി.എമ്മുമായി ആറര പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിക്കുന്നത്. പാർട്ടിയിൽ നിന്ന് നേരിടേണ്ടിവന്ന അവഗണന അടക്കം അഞ്ചു വർഷമായി ഉള്ളിൽ ഉമിത്തീപ്പോലെ നീറിപ്പുകഞ്ഞതെല്ലാം ഒരു മണിക്കൂറിലധികം നീണ്ട വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിപുലമായ കൺവെൻഷനുകളോ ചുവരെഴുത്തോ നടത്തില്ല. താൻ ഇപ്പോൾ പാർട്ടി അംഗമല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സർക്കാരിനെതിരെ സംസാരിക്കില്ലെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നുമായിരുന്നു സുധാകരൻ്റെ കൗശലത്തോടെയുള്ള പ്രതികരണം.

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ  എം.ലിജുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. അതേസമയം, തൃപ്പൂണിത്തറയിലേക്ക് ലിജുവിന് പകരം കെ.ബാബു നിര്‍ദേശിച്ച ദീപക് ജോയിയുടെ പേരാണ് നിലവില്‍ പരിഗണിക്കുന്നത്. 

സ്ഥാനാർത്ഥിപ്പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്. ഇന്ന് പുറത്ത് വിടുന്ന ആദ്യപട്ടികയിൽ 40 ൽ അധികം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. 9 മണ്ഡലങ്ങളിൽ ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് സ്ക്രീനിങ് കമ്മറ്റിയിലും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിലുമായി ബാക്കി മണ്ഡലങ്ങളിൽ ധാരണയിൽ എത്താനാണ് തീരുമാനം. 

ENGLISH SUMMARY:

In a major political shift, Congress has decided not to field a candidate in Ambalappuzha, offering indirect support to former CPM leader G Sudhakaran. Sudhakaran had earlier challenged CPM by announcing his independent candidacy. Following the Congress Screening Committee's decision, M Liju’s candidacy is uncertain. CPM has fielded sitting MLA H Salam. Stay updated on the intensifying triangular battle in Ambalappuzha.