സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ളേഡ് കൊണ്ടുവന്നത് പൊലീസാണെന്ന് എസ്.എഫ്.ഐ. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി ആവശ്യപ്പെട്ടു. തങ്ങൾക്ക് ആ പണിയൊന്നുമില്ലെന്നും ബ്ലേഡും മഷി കുപ്പിയും കൊണ്ടുപോകാറുമില്ലെന്നും എ.എ. റഹിം എംപിയും പ്രതികരിച്ചു.
അതേസമയം, ബ്ലേഡ് കൊണ്ടു വന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞെന്നു പൊലീസ് അറിയിച്ചു. ബ്ളേഡ് ഉപയോഗിച്ച് പൊലീസിന്‍റെ വടം മുറിക്കാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശം. ശിവപ്രസാദും സഞ്ചീവും ഉള്‍പ്പടെയുള്ള നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുത്തു. പൊലീസിനെ വരയാന്‍ വന്നവരെ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്
എസ്.എഫ്.ഐ ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് ബ്ളേഡ് ഇടംപിടിച്ചത്. ഒന്നും രണ്ടുമല്ല, ബ്ളേഡ് കൂട്ടമാണ് മാര്‍ച്ചിനിടെ നിലത്ത് വീണത്. ആക്രമിക്കാന്‍ കല്ലും കമ്പും പ്രതിരോധിക്കാന്‍ ലാത്തിയും കണ്ണീര്‍ വാതകവും ഉപയോഗിക്കുന്ന മാര്‍ച്ചില്‍ ആരാണ് ഒളിപ്പോര് നടത്താന്‍ ബ്ളേഡ് കൊണ്ടുവന്നതെന്നായി ചോദ്യം. സ്ഥലത്തെത്തിയ മുന്‍മന്ത്രി കുറ്റം അന്നേരം തന്നെ പൊലീസിന്‍റെ തലയിലിട്ടു.
ആരോപണം തള്ളിക്കളഞ്ഞ പൊലീസ് എഫ്.ഐ.ആറില്‍ തന്നെ എഴുതി ബ്ളേഡ് കൊണ്ടുവന്നത് എസ്.എഫ്.ഐയാണെന്ന്. പൊലീസിനെ ആക്രമിക്കാനാണ് കൊണ്ടുവന്നതെന്ന് പറയുന്നില്ല. പകരം ബാരിക്കേഡുകള്‍ കെട്ടിവെച്ച വടം മുറിക്കാന്‍ കൊണ്ടുവന്നതാണെന്നും അങ്ങിനെ വടത്തിന് കേടുവരുത്തിയ വകയില്‍ പതിനായിരം രൂപയുടെ നഷ്ടമെന്നുമാണ് എഫ്.ഐ.ആര്‍. ബ്ളേഡ് കൊണ്ടുവന്ന എസ്.എഫ്.ഐക്കാരനെ ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്നും പൊലീസ് അവകാശപ്പെട്ടു. ആഭ്യന്തരമന്ത്രിയും എസ്.എഫ്.ഐയെ ട്രോളിത്തുടങ്ങി.
സംസ്ഥാന നേതാക്കളായ ശിവപ്രസാദും സഞ്ചീവും ഉള്‍പ്പടെ പത്ത് പേരെയും കണ്ടാലറിയാവുന്ന നൂറ് പേരെയുമാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.