പയ്യന്നൂരില്‍ ടി.ഐ.മധുസൂദനനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍. പോരാട്ടം തുടരാന്‍ മല്‍സരം അനിവാര്യമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍‍ പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനും മത്സര രംഗത്തേക്ക് എത്തുന്നത്.

ധൻരാജ് രക്തസാക്ഷി ഫണ്ട് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ മുക്കിയെന്ന ആരോപണം ഉന്നയിച്ചയാളാണ് വി. കുഞ്ഞികൃഷ്ണന്‍. ആരോപണങ്ങള്‍ക്ക് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നാലെ ആരോപണങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കുകയും ചെയ്തു.

രക്തസാക്ഷി ധനരാജിന്‍റെ ഫണ്ട്, ഏരിക കമ്മിറ്റി ഓഫിസ് നിര്‍മ്മാണം എന്നീ ധനശേഖരണങ്ങളില്‍ പാര്‍ട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനൊപ്പം നില്‍ക്കണമോ എന്ന ചോദ്യം തന്നെ അലട്ടിയെന്നും ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തീരുമാനം കൈക്കൊണ്ടുവെന്നും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

അതേസമയം, പയ്യന്നൂരിലെ സിറ്റിങ് എംഎല്‍എയാണ് ടി.ഐ മധുസൂദനന്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 ശതമാനത്തോളം വോട്ടു നേടിയാണ് ടി.ഐ മധുസൂദനനന്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 30 ശതമാനത്തോളമായിരുന്നു ലഭിച്ച വോട്ട്.

ENGLISH SUMMARY:

In a major challenge to CPM in Payyannur, former Area Secretary V. Kunhikrishnan announced his independent candidacy against sitting MLA T.I. Madhusoodanan for the 2026 Assembly Elections. Kunhikrishnan, who was expelled for exposing the Dhanraj Martyrs' Fund scam, claims the battle is necessary to protect leftist values. With the Congress considering support for Kunhikrishnan, the contest in this CPM stronghold has become a high-stakes battle. Read more about the fund misappropriation allegations and the latest election updates from Payyannur.