പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻ ചിറ്റ്. സതീശനെതിരെ തെളിവില്ലെന്നും എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും തെളിയിക്കാനായില്ല. അഴിമതി നിരോധവകുപ്പിലെ കുറ്റങ്ങള്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ഭരണം മാറിയതിന്റെ അടിസ്ഥാനത്തിലല്ല എന്നും ചെന്നിത്തല വ്യക്തമാക്കി. അന്നും ഇന്നും സതീശന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വി.ഡി.സതീശന്‍ പറവൂരില്‍ പ്രളയത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'പുനര്‍ജനി'. ഇതിനായി വിദേശത്തു പണപ്പിരിവ് നടത്തിയെന്നതിലായിരുന്നു അന്വേഷണം. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
പുനര്‍ജനിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ ഈ അക്കൗണ്ടിലൂടെ പണമിടപാട് നടത്തുകയും ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പദ്ധതിക്കായി 1.27 കോടി രൂപയാണു പിരിച്ചത്. പുനര്‍ജനി സ്‌പെഷല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ, കറന്റ് അക്കൗണ്ടുകള്‍ വഴിയുമാണു പണം സ്വീകരിച്ചത്. എന്നാല്‍ പദ്ധതിക്കായി പിരിച്ച വിദേശ പണം വി.ഡി.സതീശന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു. സതീശനെതിരെ കേസെടുക്കാന്‍ പ്രധാന തടസമായതും ഇതാണ്.