യു.എസിലെ ന്യൂജേഴ്സി നെവാര്‍ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങിയ രണ്ടുവയസുകാരന് അദ്ഭുത രക്ഷ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. അമ്മ ടിക്കറ്റ് കൗണ്ടറില്‍ നില്‍ക്കുന്നതിനിടെയാണ് കുട്ടി കണ്‍വെയര്‍ബല്‍റ്റില്‍ അകപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്.
ബെല്‍റ്റ് രണ്ടു ദിശയിലേക്ക് നീങ്ങുന്ന നിര്‍ണായകഘട്ടത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ ഓടിവന്ന് കുഞ്ഞിനെ രക്ഷിച്ചത്. ബെല്‍റ്റ് രണ്ടായി പിരിയുന്ന ഭാഗത്തേക്ക് രണ്ടു ദിശയിലേക്കും ജീവനക്കാര്‍ ഓടി. എക്സ് റേ മെഷീനിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പായി കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിയ്ക്ക് കാര്യമായ പരുക്കുകളൊന്നുമില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിട്ടത്.
അങ്ങേയറ്റം അപകടകരമായ സാഹചര്യത്തില്‍ നിന്നാണ് കുട്ടി രക്ഷപ്പെട്ടതെന്നും 2021ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും സുരക്ഷാ വകുപ്പ് വക്താവ് പറഞ്ഞു. മിന്നപ്പലിസില്‍ ഒമ്പതുവയസുകാരനായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. അറ്റ്ലാന്റയിലും സമാനസംഭവം നടന്നിട്ടുണ്ട്. അന്ന് കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.