Photo; AP
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായി ബൈഡന്‍റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. മൂത്രസംബന്ധമായ രോഗലക്ഷണങ്ങളോടെ ഫിലാഡല്‍ഫിയയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ബൈഡനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി.
വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചത്. ബൈഡന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഗ്രേഡ് ഗ്രൂപ് 5 കാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്ന പ്രോസ്റ്റേറ്റ് കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ പടരുന്ന തരം കാന്‍സറാണിത്.
വലിയ വേദനയോടെയാണ് താനും മെലാനിയയും ബൈഡന്റെ രോഗവിവരം കേട്ടതെന്നും എത്രയും വേഗം സുഖം പ്രാപിച്ച് ബൈഡന്‍ മുന്‍പത്തേക്കാള്‍ ഊര്‍ജത്തോടെ തിരിച്ചുവരട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രത്യാശിച്ചു. ജോ ഒരു പോരാളിയാണെന്നും രോഗത്തേയും അതേ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം നേരിടുമെന്നും കമലാ ഹാരിസ് എക്സില്‍ കുറിച്ചു. രോഗവിവരം അറിഞ്ഞയുടന്‍ നിരവധി പേരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന കുറിപ്പുമായെത്തിയത്.