പുതുവര്‍ഷാഘോഷങ്ങളുടെ ആരവങ്ങളടങ്ങിയ രാത്രി. കാരക്കസിലെ അതീവസുരക്ഷിതമായ വസതിയുടെ ലോഹമതിലുകളടക്കം തകര്‍ത്ത് യുഎസിന്റെ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സീലിയ ഫ്ളോറന്‍സും യുഎസ് പിടിയില്‍. പരമാധികാരരാഷ്ട്രത്തിന്റെ അതിര്‍ത്തിഭേദിച്ച് ഭരണാധികാരിയെ കസ്റ്റഡിയിലെടുത്ത് യുഎസ് സേന ന്യൂയോര്‍ക്കിലേക്ക് പറന്നു.
ആ രാത്രി പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല. മഡുറോയെ റാഞ്ചാന്‍ മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍. പരിശീലനങ്ങള്‍. അതിനിടയില്‍ നേതാക്കളുടെ വെല്ലുവിളികള്‍. സൈനികനടപടിക്കായി മഡുറോയുടെ വസതിയുടെ മാതൃക നിർമിച്ച് ഡെൽറ്റ ഫോഴ്സ് മാസങ്ങളോളം പരിശീലനം നടത്തി. അതീവസുരക്ഷ ഉറപ്പാക്കി സ്ഥാപിച്ച ലോഹവാതിലുകൾ തകർത്ത് ഉള്ളിൽ പ്രവേശിക്കുന്നതിന്റെ രീതിയുൾപ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്റ്റ് മുതൽ വെനസ്വേലയിലുണ്ടായിരുന്നു. സെപ്റ്റംബറില്‍ കരീബീയനിലും പസഫിക് സമുദ്രത്തിലും സേനാവിന്യാസം. ബോട്ടുകളില്‍ ലഹരികടത്തുന്ന സംഘങ്ങളെ പിടികൂടാനെന്നായിരുന്നു യുഎസിന്റെ വിശദീകരണം. ഡിസംബറില്‍ യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ ജെറാള്‍ഡ് ആര്‍ ഫോര്‍ഡും അവിടെയെത്തി. സന്നാഹങ്ങള്‍ വിന്യസിപ്പിക്കുന്നതിനൊപ്പം രഹസ്യമായി പരിശീലനങ്ങള്‍. മഡുറോയുടെ വീട്ടിലെ ഉരുക്കുഭിത്തിയുള്ള സുരക്ഷിതമുറി മുറിച്ചുകയറാനുള്ള പരിശീലനം. മഡുറോ ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും എപ്പോള്‍, എന്നതടക്കം എന്തു കഴിക്കും, ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതെല്ലാം, ഓമനിച്ചുവളര്‍ത്തുന്ന ജീവികള്‍ ഏതൊക്കെ അങ്ങനെ എല്ലാവിവരങ്ങളും ഡെല്‍റ്റഫോഴ്സ് ശേഖരിച്ചു. ഡിസംബറോടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നടപടിക്കുള്ള സമയം കാത്തിരുന്നു. മേഘങ്ങളൊഴിഞ്ഞ തെളിഞ്ഞ രാവിനായുള്ള കാത്തിരിപ്പ്. ജനുവരി രണ്ടിന് ട്രംപിന്റെ അന്തിമാനുമതി കിട്ടിയതോടെ രാത്രി കാരക്കസിന്റെ ഹൃദയഭാഗത്തുള്ള മഡുറോയുടെ വസതിയിലേക്ക് ഡെല്‍റ്റ സംഘം ഇരുചെവിയറിയാതെയെത്തി. വെനസ്വേലന്‍ സൈനികരുടെ സുരക്ഷാക്കോട്ട തകര്‍ത്ത് വീടിനുള്ളിലേക്ക്. മഡുറോയുടെ വസതി വളഞ്ഞപ്പോൾ വെടിവയ്പുണ്ടായി. യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റി; പക്ഷേ തുടർന്നും പറന്നു. തല്‍സമയം കാരക്കസിലെ വിവിധയിടങ്ങളില്‍ വൻ സ്ഫോടനങ്ങള്‍. നഗരമധ്യത്തിലെ ലകർലോത്ത വ്യോമത്താവളത്തിലും മുഖ്യ സൈനികത്താവളമായ ഫോർട്ട് ട്യൂണയിലും ആക്രമണം. മുഖ്യ തുറമുഖമായ ലാഗുവൈറയില്‍ ബോംബിട്ടു. അതിനിടെ, ഡെല്‍റ്റ സംഘം കിടപ്പുമുറിയില്‍ കടന്ന് മഡുറോയേയും ഭാര്യയേയും സൈന്യം പിടികൂടി. സൈന്യം വളയുമ്പോൾ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു മഡുറോയും ഭാര്യയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മഡുറോ വാതിലിന് അരികെയെത്തി. പക്ഷേ ആ വാതിൽ അടയ്ക്കാൻ കഴിയും മുൻപേ സൈന്യം വളഞ്ഞു. മഡുറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. എല്ലാം അങ്ങകലെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ ട്രംപും സംഘവും തത്സമയം കണ്ടു.
മഡുറോയെ റാഞ്ചിയതോടെ വെനസ്വേലയില്‍ ഇനി എന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മഡുറോയുടെ ഭാവി എന്താകും? ജനകീയ പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും സാക്ഷിയായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് സമാധാനം ഇനിയുമകലെയോ? എന്താണ് ട്രംപ് ലക്ഷ്യമിടുന്നത്?
1989ഡിസംബറില്‍ തുടങ്ങി 1990 ജനുവരി 31ന് അവസാനിച്ച പാനമ സൈനികനടപടിക്കുശേഷം മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യത്തു യുഎസ് സേനയുടെ നേരിട്ടുളള ആദ്യ ആക്രമണമാണ് ശനിയാഴ്ച കാരക്കസില്‍ കണ്ടത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം കയ്യാമം വച്ച് കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടിയ മഡുറോയുടെ ചിത്രങ്ങള്‍ യുഎസ് പുറത്ത് വിട്ടു. ശനിയാഴ്ച വൈകിട്ടോടെ മഡുറോയെയും വഹിച്ചുകൊണ്ടുള്ള സൈനിക വിമാനം ന്യൂയോര്‍ക്ക് സിറ്റിക്ക് സമീപമിറങ്ങി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ബ്രൂക്‍ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. വെനസ്വേലയില്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗ്രസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസ് സേനാക്രമണത്തില്‍ മഡുറോയുടെ സുരക്ഷാസേനയിലെ ഏറെപ്പേരും കൊല്ലപ്പെട്ടെന്ന് വെനസ്വേലന്‍ പ്രതിരോധമന്ത്രി ജനറല്‍ വ്ലാഡിമിര്‍ പട്രിനോ വ്യക്തമാക്കി. 32 ക്യൂബന്‍ പൊലീസ്–സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന് ക്യൂബ സ്ഥിരീകരിച്ചു. മേക്ക് വെനസ്വേല ഗ്രേറ്റ് എഗെയ്ന്‍ എന്നതാണ് ലക്ഷ്യമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയുടെ എണ്ണവ്യാപാരം ഇനി യുഎസ് എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുമെന്നും ട്രംപ്.
1989 ല്‍ പാനമയുടെ സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ മാനുവല്‍ നോറിയേഗ 20 വര്‍ഷം യുഎസ് ജയിലിലായിരുന്നു. പിന്നീട് 7 വര്‍ഷം ഫ്രഞ്ച് ജയിലിലും. അതേ ഗതിയാണോ മഡുറോയ്ക്കും വരാനിരിക്കുന്നതെന്നാണ് ഉറ്റുനോക്കുന്നത്. ഒരു വ്യാഴവട്ടക്കാലം വെനസ്വേല ഭരിച്ച നേതാവിനെതിരെ യുഎസ് ചുമത്തിയിരിക്കുന്നത് ലഹരിക്കടത്ത് മുതല്‍ ഗൂഢാലോചന വരെയുള്ള കുറ്റകൃത്യങ്ങളാണ്. മഡുറോയ്‌ക്കൊപ്പം ഭാര്യ, മകൻ, മറ്റ് മൂന്നുപേർ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
മയക്കുമരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകാരികളായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഇവ കൈവശം വയ്ക്കാൻ ഗൂഢാലോചന നടത്തൽ എന്നിങ്ങനെ നാല് കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎസിലെ ജനങ്ങളെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഡുറോ യുഎസിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയെന്ന് യുഎസ് ആരോപിക്കുന്നു. ലഹരിക്കടത്തിലൂടെ ഭീകരവാദ–ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 2020ല്‍ ട്രംപിന്റെ ആദ്യ സര്‍ക്കാര്‍ കാലത്താണ് നാര്‍ക്കോ ടെററിസവുമായി ബന്ധപ്പെട്ട് മഡുറോയ്ക്കെതിരെ കേസെടുത്തത്. ലോകത്തെ ഏറ്റവും അപകടകാരികളായ ലഹരിമരുന്ന് കടത്തുകാരുടെ പങ്കാളിയാണ് മഡുറോയെന്നും സിനലോവ, ട്രെന്‍ ഡെ ആരഗ്വ തുടങ്ങി കുപ്രസിദ്ധ ലഹരിസംഘങ്ങള്‍ക്ക് മഡുറോയുമായി അടുത്ത ബന്ധമുണ്ടെന്നും യുഎസ് ആരോപിക്കുന്നുണ്ട്. അത്തരം സംഘങ്ങള്‍ക്ക് നിയമസംരക്ഷണം നല്‍കാന്‍ മഡുറോയുടെ കുടുംബം പിന്തുണനല്‍കിയെന്നാണ് ആരോപണം. ലഹരിക്കടത്തിന് പണം നല്‍കാത്തവരെയും ലഹരിക്കടത്ത് തടസപ്പെടുത്തുന്നവരെയും വധിക്കാന്‍ മഡുറോയുടെ പിന്തുണയുണ്ടായിരുന്നുവെന്ന ആരോപണവും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.