തെലങ്കാനക്കാരി നികിത ഗോഡിഷാല അമേരിക്കയില്‍ കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മുന്‍കാമുകനെന്ന് കുടുംബം. പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. മെറിലാൻഡിലെ കൊളംബിയയിലെ ഹൊവാർഡ് കൗണ്ടിയിൽ പുതുവത്സരാഘോഷത്തിനിടെ മുന്‍കാമുകന്‍റെ ഫ്ലാറ്റില്‍ വച്ചാണ് 27കാരിയായ നികിത ഗോഡിഷാല കൊല്ലപ്പെട്ടത്. നികിതയെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ച മുന്‍ കാമുകന്‍ അര്‍ജുന്‍ ശര്‍മ പിന്നീട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസിന്‍റെ അനുമാനം.
കൊലയാളിയുടെ ഒളിത്താവളത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് നികിതയുടെ പിതാവ് ആനന്ദ് ഗോഡിഷാല ഹൈദരാബാദിൽ മകളുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ പ്രതി തന്‍റെ മകളുടെ മുന്‍ കാമുകനായിരുന്നു എന്ന വാര്‍ത്ത യുവതിയുടെ പിതാവ് നിഷേധിച്ചു. മറ്റ് രണ്ട് പേര്‍ക്കൊപ്പം അയാള്‍ മകളുടെ റൂംമേറ്റായിരുന്നുവെന്നും മകള്‍ നാല് വര്‍ഷം മുന്‍പ് കൊളംബിയയിലേക്ക് പോയെന്നും പിതാവ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തിക പ്രശ്‌നമായിരുന്നുവെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു. പണത്തിന്‍റെ പേരിലാണ് കൊല നടത്തിയത്, അല്ലാതെ പ്രണയത്തിലെ തർക്കമല്ലെന്ന് പിതാവ് അവകാശപ്പെട്ടു. നേരത്തെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ താമസിച്ചിരുന്നപ്പോള്‍ പ്രതി തന്‍റെ മകളില്‍ നിന്ന് ധാരാളം പണം വാങ്ങിയിരുന്നു. ഇതുപോലെ അയാള്‍ പലരില്‍ നിന്നും കടം വാങ്ങിയിരുന്നതായും ഇന്ത്യയിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായും അറിഞ്ഞ യുവതി ഇന്ത്യയിലേക്ക് തിരിക്കുംമുന്‍പ് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അവളെ കൊലചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. മകളുടെ മൃതദേഹം എത്രയും വേഗം കൈമാറണമെന്ന് യുവതിയുടെ പിതാവ് കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് അഭ്യര്‍ഥിച്ചു. മകളുടെ മരണത്തിന് ഉത്തരവാദിയായ വ്യക്തിക്ക് കർശനമായ ശിക്ഷ നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഡിസംബർ 31 രാത്രിയിലാണ് നികിത അവസാനമായി വിളിച്ചത്. പുതുവത്സര ആശംസകൾ നേരാനായാണ് അന്ന് വിളിച്ചതെന്നും പിതാവ് പറഞ്ഞു. കൊലപാതകത്തിന് മുന്‍പുള്ള ദിവസങ്ങളിൽ അർജുൻ വാങ്ങിയ പണത്തിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കി നികിതയുടെ കസിൻ സരസ്വതി ഗോഡിഷാല യുഎസിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
മെറിലാൻഡില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത ഗോഡിഷാലയെ ജനുവരി 2 നാണ് കാണാതായത് . ഡിസംബര്‍ 31ന് വൈകുന്നേരം ഏഴുമണിയോടെ തന്നെ നികിത കൊല്ലപ്പെട്ടിരുന്നുവെന്നാണ് പൊലീസ് അനുമാനം. പ്രതി അര്‍ജുന്‍ ശര്‍മയ്ക്കെതിരെ യുഎസ് പൊലീസ് ഫസ്റ്റ്, സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ശർമ്മയെ തിങ്കളാഴ്ച തമിഴ്‌നാട്ടിൽവെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിന് സ്ഥിരീകരണമില്ല.