580 ദിവസത്തിലധികമായി ഹമാസ് തടങ്കലിൽ കഴിയുന്ന ഇസ്രയേലി - അമേരിക്കൻ പൗരനായ ഈഡൻ അലക്‌സാണ്ടറിനെ വിട്ടയച്ചു. കഴിഞ്ഞ 18 മാസമായി ഹമാസ് ബന്ദിയായിരുന്നു ഈഡൻ അലക്‌സാണ്ടർ. ഇസ്രായേലിലെത്തി തന്‍റെ മാതാപിതാക്കളെ കണ്ട് വികാരാധീനനാവുന്ന ഈഡന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ളവ എത്തിക്കുന്ന നടപടിയുടെ ഭാഗമായുമാണ് ഈ വിട്ടയയ്ക്കൽ നടപടി ഉണ്ടായത്. യുഎസ്, ഖത്തർ, ഈജിപ്ത്, ഹമാസ് തുടങ്ങിയവർ തമ്മിലുണ്ടായ ചർച്ചകളിലാണ് ഈഡനെ വിട്ടയക്കാൻ തീരുമാനമുണ്ടായത്.
തിങ്കളാഴ്ച ഖാൻ യൂനിസിലെ ഹമാസ് പോരാളികള്‍ ഈഡനെ റെഡ് ക്രോസ് പ്രവർത്തകർക്ക് കൈമാറി. പിന്നീട് അദ്ദേഹത്തെ ഗാസയിലെ ഇസ്രായേൽ അധികാരികൾക്ക് കൈമാറി, തുടർന്ന് തെക്കൻ ഇസ്രായേലിലില്‍ വച്ചാണ് ഈഡന്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ ഹൃദ്യനിമിഷത്തിന്‍റെ വിഡിയോ പങ്കുവച്ചു.
ഗാസ അതിർത്തിയിൽ എലൈറ്റി ഇൻഫാന്ററി യൂണിറ്റിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഈഡന്‍ ഹമാസിന്റെ പിടിയിലാകുന്നത്. 2023 ൽ 251 പേരെയാണ് ഹമാസ് തടങ്കലിലാക്കിയത്. ഇതിൽ അഞ്ചുപേർ തങ്ങളുടെ പൗരന്മാരാണെന്നാണ് യുഎസ് സ്ഥിരീകരിച്ചിരുന്നു. അതിൽത്തന്നെ ആകെ ജീവനോടെ തിരിച്ചുവന്നത് ഈഡന്‍ മാത്രമാണ്.