യുപി ബുന്ദേല്‍ഖണ്ഡിലെ കൊച്ചുവീട്ടിലേക്ക് ഫെബ്രുവരി 15ന് ഒരു കോളെത്തി, ‘ഇതെന്റെ അവസാന കോളാണെന്ന് വിറയുന്ന ശബ്ദത്തോടെ ഷെഹ്സാദി, അബുദാബി വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കില്ലെന്ന എംബസിയുടെ ഉറപ്പിലായിരുന്നു കുടുംബം അതുവരേയും കഴിഞ്ഞത്, എന്നാല്‍ തന്റെ സമയമടുത്തെന്ന് 33കാരി ഷെഹ്സാദിഖാന് തോന്നിക്കാണും, അതാവും ആ വിളിക്കു പിന്നിലെ കാരണം. ഒന്നും പറയാതെ സഹോദരന്‍ ഷംഷേര്‍ ഫോണ്‍ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഷെഹ്സാദി അന്നുവിളിക്കാന്‍ കാരണമുണ്ട്, ‘അവരെന്നോട് എന്റെ അവസാന ആഗ്രഹമെന്തെന്ന് ചോദിച്ചു, എന്റെ അമ്മിയുമായും അബുവുമായും സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു’ ഇതായിരുന്നു ഷെഹ്സാദി മരണം മുന്നില്‍ക്കാണാന്‍ കാരണം. ഇതുകേട്ട് കരഞ്ഞുനിലവിളിച്ച് അമ്മ ഫോണെടുത്ത് ഷെഹ്സാദിയോട് സംസാരിച്ചു.

‘അവരെന്നോട് അവസാന ആഗ്രഹമെന്തെന്ന് ചോദിച്ചു, എന്റെ അമ്മിയുമായും അബുവുമായും സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു’

ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കി, അമ്മിയുമായും അബുവുമായും അവസാന കോള്‍ ചെയ്ത അതേദിവസം, മണിക്കൂറുകള്‍ക്കുള്ളില്‍. വധശിക്ഷ എങ്ങനെ നടപ്പാക്കിയെന്നോ അവളുടെ മൃതദേഹം എവിടെയെന്നോ അറിയില്ലെന്നും കുടുംബം വേദനയോടെ പറയുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. മറുപടിയായാണ് മാര്‍ച്ച് അഞ്ചിന് കബറടക്കം നടക്കുമെന്ന് അഡി. സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചത്. അബുദാബിയില്‍ ഷഹ്സാദിയെ വധശിക്ഷയ്ക്ക് വിധേയയാക്കിയെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ത്യന്‍ ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച കേസിലാണ് ഷെഹ്സാദി ശിക്ഷിക്കപ്പെട്ടത്. നാളെയാണ് കബറടക്കം നടത്തുക.

ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെന്ന് 28നാണ് എംബസിയെ അറിയിച്ചതെന്ന് ഷെഹ്സാദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഷെഹ്സാദി ഇനി നാട്ടിലേക്കുവരില്ലെന്ന് കുടുംബവും ഉറപ്പിക്കുന്നു. വധശിക്ഷ ഉടന്‍ നടപ്പാക്കില്ലെന്നും ദയാഹര്‍ജിയും പുനപരിശോധനാ ഹര്‍ജിയും നല്‍കിയിട്ടുണ്ടെന്നുമുള്ള എംബസിയുടെ ഉറപ്പിന്‍മേലായിരുന്നു കുടുംബം. എന്നാല്‍ ഒരു ഹര്‍ജിയും പരിഗണിക്കപ്പെടാന്‍ സമയം നല്‍കാതെ അബുദാബി വധശിക്ഷ നടപ്പാക്കി.

പ്രതിരോധകുത്തിവെയ്പ് എടുത്ത ദിവസം മകന്‍ മരിക്കാന്‍ കാരണം ഷെഹ്സാദിയുടെ അശ്രദ്ധയാണെന്ന ഇന്ത്യന്‍ ദമ്പതികള്‍ നല്‍കിയ പരാതിയായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ അബുദാബി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. എന്നാല്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചെന്നാണ് ഷെഹ്സാദി വാദിച്ചത്. സുഹൃത്ത് വഴിയാണ് ഷെഹ്സാദി അബുദാബിയിലെത്തിയത്. കുട്ടിക്കാലത്ത് മുഖത്തുണ്ടായ പൊള്ളല്‍പ്പാടുകള്‍ നീക്കം ചെയ്യാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാമെന്നും സഹായിക്കാമെന്നും പറ‍ഞ്ഞാണ് സുഹൃത്ത് ഉസൈര്‍ ഷെഹ്സാദിയെ കൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം ഉസൈറിന്റെ ബന്ധു ഫായിസിന്റെ വീട്ടിലെ ജോലിക്കായാണ് ഷെഹ്സാദിയെ പറഞ്ഞുവിട്ടത്. അവിടെയൊരു കുഞ്ഞ് പിറന്നതോടെ കുഞ്ഞിനെ നോക്കുന്ന ചുമതല കൂടി ഷെഹ്സാദിയുടേതായി. പിന്നാലെയാണ് നാലാംമാസം കുഞ്ഞിന് കുത്തിവയ്പ്പെടുത്തതിനു പിന്നാലെ മരണം സംഭവിക്കുന്നത്. 2023 ഫെബ്രുവരി 10ന് അറസ്റ്റിലായ ഷെഹ്സാദിയ്ക്ക് ജൂലൈ 31ന് വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുംവരെ അല്‍–വത്ബ ജയിലിലായിരുന്നു ഷെഹ്സാദി. 

Shehzadi khan was executed in Abudhabi after being convicted for murdering four year old baby,son of indian parents.:

Shehzadi khan was executed in Abudhabi after being convicted for murdering four year old baby,son of indian parents. She had travelled for surgery but ended up as a domestic worker.