ഹണി സിങ് (ANI Photo)

ബോളിവുഡിന് തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച ഗായകനാണ് ഹണി സിങ്. ആ വിജയങ്ങള്‍ക്കിടയിലും താന്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം, താന്‍ അനുഭവിച്ച ബൈപോളാർ ഡിസോർഡറിനെ കുറിച്ചും ലഹരിയോടുള്ള കടുത്ത ആസക്തിയെ കുറിച്ചും തുറന്ന് പറയുകയാണ് അദ്ദേഹം. എല്ലാതരത്തിലും ജീവിതം തകര്‍ന്നെന്ന് തോന്നി മരണത്തിന് വേണ്ടി പ്രാര്‍ഥിച്ച ദിനങ്ങളെയാണ് ഹണി ഓര്‍ത്തെടുക്കുന്നത്. 

2014ൽ ഹണി സിങ് തന്റെ കരിയറിന്റെ ഏറ്റവും വലിയ ഉയരത്തില്‍ എത്തിനില്‍ക്കുന്ന കാലം. ആ കാലഘട്ടത്തിലെ ആര്‍ക്കും അറിയാത്ത മറ്റൊരു ഹണിയെയാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ‘എല്ലാവര്‍ക്കും മുന്‍പില്‍ ഞാൻ യോ യോ ഹണി സിങ് ആയിരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ. പക്ഷേ അപ്പോളാണ് എനിക്ക് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്’ അദ്ദേഹം പറഞ്ഞു. അന്ന് ഒരു മുറിയിൽ അടച്ചിട്ടിരുന്നതായും സോഷ്യല്‍മീഡിയയും ടിവിയും എല്ലാം ഉപേക്ഷിക്കുകയും ആളുകളോട് സംസാരിക്കുന്നത് പോലും നിർത്തിയതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ലോകത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട സമയമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളിൽ പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ് ബൈപോളാർ ഡിസോർഡറെന്നും തീവ്രമായ ഭയം, സംശയം, ഉത്കണ്ഠ എന്നിവ തനിക്കുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

ലഹരിയുടെ ആസക്തിക്കെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ട് വർഷമായി ലഹരിക്ക് അടിമയായിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം താനറിയാതെ അത് കീഴടക്കുകയും നിയന്ത്രിക്കുകയായിരുന്നുവെന്നും പറഞ്ഞു. പ്രാര്‍ഥിക്കാന്‍ കുടുംബം പറഞ്ഞെങ്കിലും അന്നൊന്നും താന്‍ അതിന് തയ്യാറായിരുന്നില്ലെന്നും ആത്മീയതയെ ഇതിനകം ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. എങ്കിലും തന്റെ അമ്മ തനിക്കായി പ്രാര്‍ഥിച്ചിരുന്നു. പൂജകള്‍ നടത്തിയിരുന്നു. പക്ഷേ താന്‍ അത് എതിര്‍ത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ‘യോ യോ ഹണി സിങ്ങിനെ ഉണ്ടാക്കിയത് ഞാനാണെന്നാണ് ഞാൻ കരുതിയിരുന്നത്. എല്ലാം ചെയ്തത് ഞാനായിരുന്നു എന്നായിരുന്നു എന്‍റെ മനസില്‍’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്ലാം മാറ്റിമറിച്ച 2019 ലെ ആ രാത്രിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദൈവത്തോട് ക്ഷമ ചോദിച്ച് ആദ്യം ആവശ്യപ്പെട്ടത് തന്‍റെ മരണമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പൂർണ്ണമായും തളർന്നുപോയതിനാലായിരുന്നു അതെന്നും ഹണി പറഞ്ഞു. ‘പക്ഷേ മരിക്കാന്‍ സമയമായിരുന്നില്ല, മറിച്ച് ജീവിക്കാനുള്ള പ്രചോദനം എനിക്കുണ്ടായി’. വർഷങ്ങളായി താൻ ഒരു നിരീശ്വരവാദിയായിരുന്നുവെന്നും എന്നാൽ ആ നിമിഷം മറ്റൊരു വഴിത്തിരിവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്ക് ശേഷമാണ് ആ രാത്രിയുടെ പ്രാധാന്യം തനിക്ക് പൂർണ്ണമായി മനസ്സിലായതെന്നും ഹണി പറഞ്ഞു. പതിയെ സുഖം പ്രാപിക്കാൻ തുടങ്ങി. തന്റെ ഡോക്ടറെ ‘ഒരു മാലാഖ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. താന്‍ ഒരു വിശ്വാസിയായപ്പോൾ തന്‍റെ ജീവിതം മാറിയെന്നും ഇപ്പോള്‍ ഉള്ളതെല്ലാം എല്ലാം രണ്ടാമത്തെ അവസരമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും ബൈപോളാർ ഡിസോർഡറുമായി ജീവിക്കുന്നുവെന്നും ഹണി സിങ് വ്യക്തമാക്കി. ‘പക്ഷേ ദൈവം കരുണയുള്ളവനാണ്. ഞാൻ ലോകം ചുറ്റി സഞ്ചരിക്കുന്നു, വീണ്ടും ഷോകൾ ചെയ്യുന്നു, സംഗീതത്തില്‍ ജീവിക്കുന്നു. അതൊരു അത്ഭുതമാണ്’– ഹണി സിങ് പറഞ്ഞു. എബി ടോക്സ് എന്ന പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹം തുറന്ന് സംസാരിച്ചത്.

ENGLISH SUMMARY:

Popular Bollywood rapper Yo Yo Honey Singh candidly opened up about his grueling battle with bipolar disorder and severe drug addiction during his appearance on the AB Talks podcast. At the absolute peak of his global superstardom in 2014, the musician began experiencing intense symptoms of mental illness, characterized by extreme paranoia, fear, and severe anxiety. To cope with his deteriorating state, Singh isolated himself entirely in a room for years, cut off all social interactions, and eventually fell into a dangerous pattern of substance abuse. After years of functioning as a staunch atheist and hitting rock bottom, a definitive breakdown in 2019 led him to pray for death, which ironically catalyzed a profound spiritual awakening and newfound will to live. Credits his treating psychiatrist as an angel, the singer stated that while he still manages his bipolar condition daily, he views his revived musical career and global stage tours as a merciful second chance at life.