വിദ്യാർത്ഥി സംഘടനാ നേതാക്കാളെപ്പറ്റി വിവാദ പ്രസ്താവനയുമായി കേരള വി.സി ഡോ. മോഹനൻ കുന്നുമ്മൽ. സംഘടനാ നേതാക്കള്‍ പലരും ലഹരിക്ക് അടിമകളാണെന്നും, ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു ഡോ. മോഹനൻ കുന്നുമ്മലിന്‍റെ പരാമര്‍ശം.
'പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാം. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖെരാവോ ചെയ്യുന്ന ആളുകൾ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ചില വിദ്യാർഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ എന്നെ ഖെരാവോ ചെയ്തത് നിങ്ങൾ കണ്ടല്ലോ? ഇത്തരം തെമ്മാടികൾ അല്ല നാടിൻ്റെ കരുത്ത്. ഇവരെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുക. എന്തുകൊണ്ടാണ് ഇത്തരം ആളുകള്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് കണ്ടെത്തണം.
കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നതില്‍ നിരവധി മെഡിക്കല്‍ കാരണങ്ങളുണ്ട്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും കുട്ടികള്‍ അവരറിയാതെ അതിന് അഡിക്റ്റായി മാറും. ഇവിടെ സംഘടനാ നേതാക്കളില്‍ പലരും ഇതിന് അടിമകളാണ്. എന്നാല്‍ ഇവിടെ ഇരിക്കുന്ന കുട്ടികളില്‍ പലരും ഭാവിയില്‍ ഇന്ത്യയെയും ലോകത്തെയും നയിക്കാന്‍ പ്രാപ്തി ഉള്ളവരായി തീരും.' – ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കുന്നു.