എംഡിഎംഎ വിൽക്കുന്നതിനിടെ ഫുട്ബോൾ താരവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സീനിയർ സൂപ്രണ്ടായ ഇയാൾക്ക് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളമുണ്ട്. കൂടുതൽ പണം സമ്പാദിക്കാനാണ് ലഹരികച്ചവടം തുടങ്ങിയത്. ഡേറ്റിംഗ് ആപ്പ് വഴി യുവാക്കളെ പരിചയപ്പെട്ടാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്.

സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈംഗിക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നജീബിനെ കുറിച്ചുള്ള വിവരം എക്സൈസിനു ലഭിക്കുന്നത്.

രണ്ടു ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. വിദ്യാർഥികൾ മുതൽ ഉദ്യോഗസ്ഥർ വരെയുള്ളവർ നജീബിന്‍റെ ലിസ്റ്റിലുണ്ട്എന്ന് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് പറയുന്നു. നജീബിനൊപ്പമുള്ള ശൃംഖലയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു

ENGLISH SUMMARY:

A senior superintendent at Travancore Titanium, Najeeb Khan, who was also a football player, has been arrested by the excise department for selling MDMA. He reportedly used a dating app and a special mobile app to lure young men to hotel rooms for drug transactions, aiming to earn more money.