ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിലായി. 'എന്റെ കാസെറ്റ്' എന്ന പേജിലൂടെ സൈബർ ലോകത്ത് പരിചിതനായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ പോരാളിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാള്‍ക്കെതിരെ കേരളത്തിലും ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

യുഎഇയിലെ താമസ്ഥലത്തിരുന്ന് അബ്ദുൽ ഹക്കീം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ 'കിക്ക്' എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിങ് ഓൺ ആകുകയായിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞ് രാജ്യം വിടാൻ ശ്രമിച്ച ഹക്കിമിനെ അതിർത്തിയിൽ വെച്ചാണ് ഷാർജ പൊലീസ് പൊക്കിയത്. ബംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ മുൻപ് ഇയാൾ ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

മുൻപ് എറണാകുളത്ത് ഒരു യുവതിയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചതിനും ഹക്കീമിനെതിരെ നിയമനടപടികൾ നിലവിലുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സ്വാധീനമുപയോഗിച്ച് ചലച്ചിത്ര പ്രവർത്തകരെ അടക്കം ഭീഷണിപ്പെടുത്തി ഇയാൾ വൻതോതിൽ പണം തട്ടിയതായും ആക്ഷേപമുണ്ട്. ഹക്കിം ചലചിത്ര താരത്തിനെതിരെ ആരോപണം ഉന്നയിക്കുകയും 25ലക്ഷം രൂപ വാങ്ങി ഒത്തുതീര്‍ക്കുകയും ചെയ്തതായാണ് ആക്ഷേപം. ഈ വിഷയം അറിയാമായിരുന്നുവെന്നും 25 ലക്ഷം രൂപ കൈമാറിയെന്നും കഴിഞ്ഞ ദിവസം ഗായകന്‍ ഹനാന്‍ ഷാ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Malayali vlogger Abdul Hakeem, known for his social media page 'Ente Cassette,' has been arrested by Sharjah Police after he accidentally live-streamed himself using narcotics on the 'Kick' app. Hakeem, who previously posed as an anti-drug activist, attempted to flee the UAE after the footage went viral but was apprehended by police at the border. Beyond this incident, he faces numerous criminal charges in Kerala, including cyber-harassment of women and allegations of extorting large sums of money from film personalities by threatening them via his social media platforms. Notably, singer Hanan Shah recently confirmed that she had paid him ₹25 lakh to settle a dispute after he made allegations against a film star.