കേരള സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിലവിലുള്ള NDPS Act കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പിവി അൻവർ. കുട്ടികളെ ലക്ഷ്യമാക്കി ലഹരി വിൽപ്പന നടത്തുന്നതും ലഹരി ഉപയോഗത്തിലേക്ക് പ്രേരിപ്പിക്കുന്നതും സാധാരണ കുറ്റകൃത്യമായി കാണാതെ, പോക്സോ നിയമ മാതൃകയിൽ കർശനമായ പ്രത്യേക നിയമപരിരക്ഷ നൽകേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

'സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത്, കുട്ടികൾക്ക് ലഹരി വിൽക്കുന്നതും ലഭ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഗുരുതര കുറ്റമായി പ്രഖ്യാപിക്കുന്ന തരത്തിൽ നിയമനിർമാണം നടപ്പാക്കിയാൽ, ലഹരി മാഫിയകളെ നിയന്ത്രിക്കാൻ ഇത് വലിയ രീതിയിൽ സഹായകരമാകും. ഇതിനായി NDPS ആക്ട് (Narcotic Drugs and Psychotropic Substances Act, 1985) പുനർനിർവചിച്ച്  ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാറിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനാവണം. 

പോക്സോ നിയമത്തിലെ പോലെ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി വേണം കാര്യങ്ങൾ ചെയ്യാൻ. ഉദാഹരണമായി കുട്ടികൾക്ക് ലഹരി വിൽക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുക, കർശന തടവും ഉയർന്ന പിഴയും ഏർപ്പെടുത്തുക, സ്കൂൾ പരിസരങ്ങളിലെ ലഹരി വ്യാപാരത്തിന് പ്രത്യേക ശിക്ഷ നൽകുക, കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെ പ്രത്യേക കോടതികളിലൂടെ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കുക എന്നിവ നടപ്പാക്കിയാൽ, കുട്ടികളിലെ ലഹരി ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനും സമൂഹത്തിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും സാധിക്കും.'- പിവി അൻവർ കുറിച്ചു. 

ENGLISH SUMMARY:

Children's drug abuse in Kerala is a growing concern, prompting calls for strengthening the existing NDPS Act. P V Anwar emphasizes the need for stricter laws, similar to the POCSO Act, to curb the sale and promotion of drugs among minors.