ദുബായിലെ സംഗീതപ്രേമികളെ ആവേശത്തിലാക്കാൻ 'വേട്ട' എന്ന ലൈവ് മ്യൂസിക് ഷോയുമായി റാപ്പർ വേടൻ . നവംബർ 23-ന് ദുബായ് ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 5 മണി മുതലാണ് പരിപാടി. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശേഷമുള്ള വേടന്‍റെ ആദ്യ സംഗീതപരിപാടിയാണ് ദുബായിലേത്.
'മാതൃപ്രകൃതി' എന്ന ആശയത്തെ അടിസ്ഥാനമാക്കി ക്യൂരിയോ ക്രാഫ്റ്റേഴ്സ്, കോപ്പർനിക്കസ് അഡ്വർടൈസിംഗ് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത് . വേടനൊപ്പം ഗാബ്രി, ഹൃഷികേശ്, സ്റ്റിക്,അനൊനിമസ്, വിക്സൽ തുടങ്ങിയ കലാകാരന്മാരും പരിപാടിയിൽ അണിചേരും. ഗൾഫിലെ മാനസിക സംഘർഷങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവർക്ക് ഒരു റിലീഫ് ആയിരിക്കും ഈ പരിപാടിയെന്ന് ഉറപ്പു നൽകുകയാണ് വേടൻ.
ലീഫ് മ്യൂസിക് ബാൻഡിന്‍റെയും സ്റ്റുഡിയോ 19 ഡാൻസ് ട്രൂപ്പിന്‍റെയും പ്രകടനങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടും. അജിത് വിനായക ഫിലിംസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ കണ്ണൻ രവി ഗ്രൂപ്പാണ്. മഴവിൽ മനോരമ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, മനോരമ മാക്സ് എന്നിവ മീഡിയ പങ്കാളികളാകുന്ന മെഗാ ഷോയുടെ ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ് വഴി ലഭ്യമാകും.