TOPICS COVERED

സ്കൂള്‍ കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം ലക്ഷ്യം വെച്ചുള്ള സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയും വിവാദങ്ങളുമൊക്കെ തുടരുകയാണല്ലോ. സ്‍‌‌കൂളില്‍ നിന്നുള്ള മാനസിക പീഡനം മൂലം പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവവും നമ്മള്‍ കണ്ടു. അതിനിടയില്‍ മനസ്സിന് ഏറെ സന്തോഷം തരുന്നൊരു അധ്യാപകന്‍റെ ദൃശ്യവും നമുക്ക് കാണാനായി. അധ്യാപകനും വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ ഭംഗിയായി പാട്ട് പാടുന്ന മനോഹരമായ ദൃശ്യം. മലപ്പുറം അരീക്കോട് സുല്ലമുസലാം ഹയര്‍സെക്കന്‍ററി സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഹകീം പുല്‍പ്പറ്റയാണ് ഈ വൈറല്‍ അധ്യാപകന്‍.

‘ഒരു തൂ മഞ്ഞിന്‍ വൈഡൂര്യം നല്‍കിയപ്പോള്‍...’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ...’ തുടങ്ങിയ പാട്ടുകളൊക്കെ ഹകീം മാഷ് ഈണത്തില്‍ പാടിതുടങ്ങും, കുട്ടികള്‍ കൂടെ പാടും. പിന്നെ ക്ലാസ്റൂം മൊത്തത്തില്‍ പാട്ടിലലിയും. ക്ലാസ് മുറിയിലെ ഈ സന്തോഷം റീല്‍സായി മാഷ് തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. മസില്‍പിടുത്തത്തിലുള്ള അധ്യാപനമല്ല മറിച്ച് മനസ്സ് നിറയ്ക്കുന്ന നിമിഷങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുകയാണ് വേണ്ടതെന്ന് ഹകീം മാഷ് പറയുന്നുണ്ട്. 

കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ മാനസിക ഉല്ലാസം ക്ലാസ്‌മുറികളിലൊരുക്കണമെന്നാണ് ലക്ഷ്യം. സംഗീതം കുട്ടികളുടെ ഹൃദയത്തിലേക്ക് വാതിലുകള്‍ തുറക്കുമെന്നും അവിടെ ഭാഷകളോ കുറവുകളോയില്ലെന്നും ഹകീം തെളിയിക്കുന്നുണ്ട്. മനസ് നിറ‍ഞ്ഞ് സ്കൂളിലെത്തി മനസ് നിറഞ്ഞു തന്നെ കുട്ടികള്‍ സ്കൂളില്‍ നിന്ന് മടങ്ങണമെന്നാണ് ക്ലാസുപാട്ടു തുടങ്ങുന്നതിനു പിന്നിലെ രഹസ്യം. അങ്ങനെയായാല്‍ പഠനത്തിലും ഉല്ലാസമുണ്ടാകുമെന്നാണ് മാഷിന്‍റെ മന്ത്രം. കൂടെ പാട്ടുപഠിപ്പിക്കലും നടക്കും.

റിയാലിറ്റി ഷോ താരമായിരുന്ന ഹകീം കലോല്‍സവവേദികളിലെ താരം കൂടിയായിരുന്നു. കലോല്‍സവവേദികളില്‍ പാടിതുടങ്ങിയ മാഷ് പിന്നീട് വിധികര്‍ത്താവായും എത്തി. കലോല്‍സവ വേദികളില്‍ സുല്ലമുസ്സലാം സ്കൂളിനു നിരവധി അംഗീകാരങ്ങള്‍ നേടികൊടുക്കാനും മാഷ് മുന്നിലുണ്ടായിരുന്നു. ചെമ്പൈ സംഗീതകോളജില്‍ നിന്നായിരുന്നു പഠനം. നൂറുകണക്കിനു മാപ്പിളപ്പാട്ട് എഴുതി തയ്യാറാക്കിയ പുല്‍പ്പറ്റ ഖാദര്‍ഹാജിയാണ് പിതാവ്. മലപ്പുറം പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയാണ് ഹകീം. പാട്ടും പാഠനവും ആവേശവും ഇനിയും തുടരുമെന്നാണ് ഹകീം മാഷ് അറിയിക്കുന്നത്.

ENGLISH SUMMARY:

Discussions and controversies continue over implementing Zumba dance in schools to promote students’ physical and mental health. Recently, we also witnessed the tragic case of a ninth-grade student from Sreekrishnapuram, Palakkad, who died by suicide allegedly due to mental harassment at school. In the midst of such distressing news, a heartwarming video has surfaced, bringing joy to many hearts. The video shows a beautiful moment where a teacher and students sing together in perfect harmony. The viral teacher is Hakeem Pulpatta, a music teacher at Sullamussalam Higher Secondary School in Areekode, Malappuram.