anurag-warrant-court

ബ്രാഹ്മണ സമുദായത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ വാറന്‍റ്.

ഗുജറാത്തിലെ സൂറത്ത് കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ.വി. ചൗഹാനാണ് ബെയ്‌ലബിൾ വാറന്റ് പുറപ്പെടുവിച്ചത്. ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ ലീഗൽ അഡ്വൈസറായ അഭിഭാഷകൻ കമലേഷ് റാവൽ നൽകിയ ഹർജിയിലാണ് നടപടി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 24 ലേക്ക് മാറ്റി. മുന്‍പ് പത്രത്തില്‍ പരസ്യം നൽകിയതുൾപ്പെടെ പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതിയുടെ വാറന്‍റ് പുറപ്പെടുവിച്ചത്.

2025 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. സോഷ്യല്‍മീഡിയയില്‍ ഒരാളുമായി ഉണ്ടായ വാദപ്രതിവാദത്തിനിടയിൽ, ബ്രാഹ്‌മണസമുദായത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. തുടര്‍ന്ന് കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി ഉത്തരവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ അനുരാഗ് കശ്യപ് ക്ഷമാപണം നടത്തിയിരുന്നു. ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ കൈവിട്ടുപോയെന്നും ബ്രാഹ്‌മണസമുദായത്തോടും സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

സാമൂഹിക പരിഷ്‌കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു അനുരാഗ് വിവാദപരാമർശം നടത്തിയത്. ബ്രാഹ്‌മണരുടെ മേൽ മൂത്രമൊഴിക്കുമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ഫൂലെ വിവാദവുമായി ബന്ധപ്പെട്ട അനുരാഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി പറയവെ ആയിരുന്നു വിവാദപരാമർശം. പിന്നീട് പോസ്റ്റ് ഡിലീറ്റും ചെയ്തിരുന്നു.

ENGLISH SUMMARY:

A Surat court in Gujarat has issued a bailable warrant against filmmaker and actor Anurag Kashyap over alleged derogatory remarks against the Brahmin community. Additional Chief Judicial Magistrate J.V. Chauhan issued the warrant following a petition filed by Kamlesh Rawal, a legal advisor for Bajrang Dal and Vishva Hindu Parishad. The court took strict action after Kashyap failed to appear despite multiple summonses and a newspaper notice issued previously. The controversial social media comments were made in April 2025 during an online dispute related to the movie 'Phule', though Kashyap later deleted the post and issued an apology.