susanth-disha
  • ദുരൂഹതകള്‍ നീങ്ങാതെ ദിഷ സാലിയന്റെ മരണം. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ (28) ദുരൂഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകളും കേസിൽ ഉയർന്ന സംശയങ്ങളും പരിഗണിച്ചാണ് കോടതി നടപടി. ദിഷയുടെ പിതാവ് സതീഷ് സാലിയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സാരംഗ് കോട്‌വാളും ജസ്റ്റിസ് രഞ്ജിത് സിങ് ഭോൺസാലെയും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

അഭിനന്ദൻ വർധമാൻ ‘ഫ്ലൈ91-ൽ’; ഇനി യാത്രാവിമാനം പറത്തും...



ദിഷയുടെ മരണത്തിൽ കുടുംബം കൊലപാതക സംശയം ഉന്നയിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ അസ്വാഭാവിക മരണമായി മാത്രം കേസ് കൈകാര്യം ചെയ്ത മുംബൈ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. അഞ്ചാറ് വർഷം കേസ് നീണ്ടുപോയതും കോടതി ചൂണ്ടിക്കാട്ടി. മരണവിവരം ലഭിച്ച് ഒൻപത് മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും വൈകിയെത്തിയതിന് തൃപ്തികരമായ വിശദീകരണം നൽകാനും പൊലീസിന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

14-ാം നിലയിലെ ഫ്ലാറ്റിൽനിന്ന് വീണാണ് മരണമെങ്കിൽ മുഖത്ത് ചെറിയ മുറിവ് മാത്രമുണ്ടായിരുന്നതും താടിയെല്ലിലോ മൂക്കിലോ കാര്യമായ പരുക്കുകളില്ലാതിരുന്നതും സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. ദിഷ താഴെ വീണ സ്ഥലത്തും കാര്യമായ രക്തക്കറ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റിലും ദിഷയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ആശുപത്രിയിൽനിന്നും മോർച്ചറിയിൽനിന്നും ലഭിച്ച ചിത്രങ്ങളിൽ ദിഷ വസ്ത്രം ധരിച്ചിരുന്നതായി കാണുന്നതായും കോടതി വിലയിരുത്തി. ഈ വൈരുധ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും.

ദിഷ സാലിയൻ കൂട്ടബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്നും സ്വാധീനമുള്ള പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും സംരക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചെന്നുമാണ് പിതാവ് ഹർജിയിൽ ആരോപിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പോലും വർഷങ്ങളോളം കുടുംബത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മുംബൈ പൊലീസ് കേസ് ഡയറിയും അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകളും ഉടൻ സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

എന്നാൽ കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും മുൻകൂട്ടി പ്രതിയാക്കുകയോ കുറ്റക്കാരായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചാൽ മാത്രമേ കുറ്റപത്രം സമർപ്പിക്കാവൂ. തെളിവുകൾ കണ്ടെത്താനായില്ലെങ്കിൽ അതനുസരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. മകളെ നഷ്ടപ്പെട്ട് ആറ് വർഷമായി നീതിക്കായി കാത്തിരിക്കുന്ന പിതാവിന് നീതി ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്ന വിലയിരുത്തലിലാണ് ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Disha Salian Death Case: Bombay High Court Orders CBI Probe Citing Serious Police Lapses:

The Bombay High Court has ordered a CBI probe into the mysterious death of Disha Salian, the former manager of late actor Sushant Singh Rajput. The court severely criticized the Mumbai Police for serious lapses, including registering an unnatural death report instead of an FIR and delaying its arrival at the crime scene by nine hours. Noting suspicious details like post-mortem discrepancies and minimal facial injuries despite a fall from a 14th-floor flat, the court highlighted allegations of gang rape and murder raised by her father. The court directed the police to hand over all evidence to the CBI to ensure justice after a six-year delay