california-malayali-murder-ann-mary

കൺമുന്നിൽ നടന്ന അപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിൽ നിന്ന് ഒട്ടൊന്ന് കരയറിയപ്പോഴാണ് മകളുടെ ആകസ്മിക വേര്‍പാട് ജിജി മാത്യുവിനെ തകര്‍ത്തുകളഞ്ഞത്. കാലിഫോര്‍ണിയയില്‍ മകൾ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞതുമുതൽ ആരോടും സംസാരിക്കാനാകാത്ത അവസ്ഥയിലാണ് അദ്ദേഹം. എപ്പോഴും എല്ലാവരോടും ചിരിച്ചും സൗഹൃദത്തോടെയും ഇടപെട്ടിരുന്ന ആനിനെ എങ്ങനെ അനിലയ്ക്ക് കൊലപ്പെടുത്താനായെന്ന ചോദ്യമാണ് നാട്ടുകാരെയും വേദനിപ്പിക്കുന്നത്.

2018ലായിരുന്നു ജിജിയുടെ ജീവിതത്തെ തകർത്ത ആദ്യ ദുരന്തം. ഭാര്യ ബെസിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബെസി മരിച്ചത്. അതിനുശേഷം മക്കളായ ആനിനും അബനയ്ക്കും വേണ്ടിയായിരുന്നു ജിജിയുടെ ജീവിതം. കുട്ടികളെ പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ കോളജിലെ ജോലി ഉപേക്ഷിച്ചാണ് ആൻ കാലിഫോർണിയയിലേക്ക് പോയത്. പിന്നീട് ഇരുവരും വിദേശത്തായെങ്കിലും അച്ഛനുമായുള്ള അടുപ്പം ആൻ എന്നും കാത്തുസൂക്ഷിച്ചു. കാതങ്ങൾക്കപ്പുറത്തുനിന്നും പതിവായി വിളിച്ച് അച്ഛന്‍റെ വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു.

ALSO READ: നാട്ടിലെത്തിയിട്ട് മൂന്ന് വര്‍ഷം; ചേതനയറ്റ് മടക്കം; കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ജൂണിൽ ആൻ നാട്ടിലെത്തിയതും നാട്ടുകാർ ഇന്നും ഓർക്കുന്നു. ജിജിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കാനായിരുന്നു മക്കളായ ഇരുവരും എത്തിയത്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ രണ്ടാഴ്ച ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്. അന്ന് സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തിലേക്ക് ഇത്ര പെട്ടെന്ന് ദുരന്തവാർത്തയെത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് വാർഡ് കൗൺസിലർ ത്രേസ്യാമ്മ തോമസ് പറഞ്ഞു.

ALSO READ: 'ഒന്ന് പുറത്തേക്ക് വരുമോ'; അഞ്ജനയെ കാറിടിപ്പിച്ച് വീഴ്ത്തി; ഫ്ളാറ്റില്‍ രക്തം വാര്‍ന്ന് ആന്‍ മേരി

കഴിഞ്ഞ ദിവസവും വിഡിയോ കോളിലൂടെ സന്തോഷത്തോടെ സംസാരിച്ച മകൾക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാനാകാതെ തകർന്നിരിക്കുകയാണ് കുടുംബം. സൗഹൃദങ്ങളെ എന്നും ചേർത്തുപിടിച്ചിരുന്ന ആനും അനിലും തമ്മിലുള്ള ബന്ധത്തിന് ഒടുവിൽ ഇത്ര ദാരുണമായ അന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഉറ്റ സുഹൃത്ത് തന്നെ ആനിന്റെ മരണത്തിന് കാരണമായെന്ന യാഥാർഥ്യം കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

ENGLISH SUMMARY:

Jiji Mathew, the heartbroken father of Ann Mary who was recently killed in California, remains in a state of shock and disbelief following his daughter's tragic death. Jiji, who had already lost his wife Besi in a fatal road accident involving a KSRTC bus in 2018, lived solely for his daughters, Ann and Abana. Local residents and Ward Councillor Thresiamma Thomas recalled Ann's last visit to Kottayam in June for her father's 70th birthday. The local community and family members express deep anguish over how a close friend could commit such a violent act against Ann, who was known for her warm nature.