car-catches-fire-in-venganoor-kottayam-native-titus-kurian-charred-to-death
  • തിരുവനന്തപുരം വെങ്ങാനൂരില്‍ കാര്‍ കത്തി മരണം
  • മരിച്ചത് ഏറ്റുമാനൂര്‍‌ സ്വദേശി ടൈറ്റസ് കുര്യന്‍
  • ടൈറ്റസ് വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതെന്ന് പൊലീസ്

തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യൻ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ടൈറ്റസ് കുര്യൻ സഞ്ചരിച്ച വാഹനം വെങ്ങാനൂരിൽ എത്തിയപ്പോൾ പെട്ടെന്ന് പുക ഉയരുകയും നിമിഷങ്ങൾക്കകം വലിയ തീഗോളമായി മാറുകയുമായിരുന്നു. റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ച വാഹനം റിവേഴ്സ് പോയി സമീപത്തെ മരച്ചില്ലകളിലേക്കും വാഴകളിലേക്കും പടർന്നതോടെ തീയുടെ തീവ്രത വർദ്ധിച്ചു.

കാറിന്റെ സൈറൺ വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും വഴിപോക്കരും വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. നാട്ടുകാരിൽ ചിലർ ബൈക്ക് നിർത്തി കാറിന്റെ പിൻവശത്തെ ഡോർ അടിച്ച തുറന്ന് ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്ന തീ കാരണം പുറത്തെത്തിക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ കവിയാത്തവിധം പൂർണ്ണമായി കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യന്റേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. ടൈറ്റസ് കുര്യന്റെ ബന്ധുക്കളുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കോട്ടയത്തുനിന്നും രാത്രിയിൽ ഇറങ്ങിയതാണെന്ന വിവരം ലഭിച്ചതും മരിച്ചത് ടൈറ്റസ് കുര്യൻ തന്നെയാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചതും. സ്ഥലത്തെത്തിയ എം.എൽ.എ എം. വിൻസെന്റ് സ്ഥിതിഗതികൾ വിലയിരുത്തി.

സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്നും, കാറിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതാണോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ദ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ഫോറൻസിക് പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയായ ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

ENGLISH SUMMARY:

A native of Ettumanoor, Titus Kurian, was tragically charred to death when his moving car caught fire at Venganoor in Thiruvananthapuram on Monday early morning. The incident occurred around 5:30 AM after Titus reportedly drove away from his residence in Kottayam following a domestic dispute. Although local residents rushed to the scene upon hearing the car's loud alarm and attempted to open the vehicle's rear doors, the rapidly spreading flames prevented a rescue effort. Police and Fire Force personnel arrived to find the car completely gutted, subsequently identifying the victim through the vehicle's registration details while launching a comprehensive investigation into the incident.